കാസർകോട്: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കാനത്തൂർ വടക്കേക്കര കോളനിയിലെ ബേബിയെ ഭർത്താവ് വിജയൻ നാടൻ തോക്ക് ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ വെടിവയ്ക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വനിത കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

വെടിയൊച്ച കേട്ട് ഓടിക്കൂടിയ അയൽവാസികളെ വിജയൻ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് തൊട്ടടുത്ത വനത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. മദ്യപാന ശീലമുള്ള വിജയൻ ബേബിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഒരുമാസം മുമ്പ് ബേഡഡുക്ക പൊലീസിൽ ഭർത്താവിനെതിരെ ബേബി പരാതി നൽകിയിരുന്നു. സംഭവത്തിൽ വിജയനെ പൊലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്തിരുന്നില്ല.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം കാനത്തൂരിലെ വീട്ടിലെത്തി പരിശോധന നടത്തി. വിജയൻ നായാട്ടിന് ഉപയോഗിക്കാറുള്ള തോക്ക് പൊലീസ് കണ്ടെടുത്തു. സംഭവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ വനിത കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പേരുടെയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.