Asianet News MalayalamAsianet News Malayalam

മായം കലർത്തിയ പാൽ പിടികൂടി, ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15300 ലിറ്റർ പാൽ കൊണ്ടുവന്നത് തമിഴ്നാട്ടിൽ നിന്ന്

ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.

Hydrogen peroxide mixed milk seized from kollam check post
Author
First Published Jan 11, 2023, 10:00 AM IST

ആര്യങ്കാവ്: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ പാൽ കൊല്ലം ആര്യങ്കാവിൽ പിടികൂടി. പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന പതിനയ്യായിരം ലിറ്റർ പാലാണ് ക്ഷീര വികസന വകുപ്പ് പിടികൂടിയത്.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് രാവിലെ പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി.

തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചു. പാലിന്റെ സാമ്പിൾ ശേഖരിച്ച ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്കായി ഇവ ലാബിലേക്കയച്ചു. ലോറിയിലെ മുഴുവൻ പാലും ഒഴുക്കി കളയാനാണ് തീരുമാനം. പാലിൻറെ കട്ടിയും കൊഴുപ്പും വർദ്ധിപ്പിക്കാനും കേടുകൂടാതെ കൂടുതൽ ദിവസം സൂക്ഷിക്കാനുമാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്

പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവർ അറിയിച്ചു. അതേസമയം ക്ഷീര വികസന വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്ലാന്റുകളിൽ പരിശോധന നടത്താറുണ്ടെന്നും ഇതുവരെ പാലിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഫാമിന്റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios