കൊച്ചി: സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കൈമാറിയ ഏറ്റവും വിലയേറിയ ഐഫോൺ ഉപയോഗിച്ചിരുന്നത് മുൻ ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കർ. സ്വപ്ന നൽകിയതാവാം ഈ ഫോണെന്നാണ് കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ സംശയം ഉയർന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ് ഫോൺ. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പർ ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. താൻ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങൾ സന്തോഷ് ഈപ്പനും നൽകിയിരുന്നു.

ഇവ പരിശോധിച്ചതിൽ നിന്നാണ് സന്തോഷ് ഈപ്പൻ കൈമാറിയതിൽ ഏറ്റവും വിലയേറിയ ഫോൺ ശിവശങ്കറിന് ലഭിച്ചതായി വ്യക്തമായത്. ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതി നിർദ്ദേശ പ്രകാരം വൈകീട്ട് ആറു മണി വരെ മാത്രമാണ് നിലവിൽ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ എട്ടാം തീയതി പ്രതിയുടെ പക്കൽ നിന്ന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.