മലപ്പുറം: കടുത്ത മണ്ണിടിച്ചിലിലും കനത്ത മഴയിലും ഒറ്റപ്പെട്ട് മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിൽ വ്യോമസേന ഭക്ഷണപ്പൊതികൾ എയർഡ്രോപ് ചെയ്തു. മിഗ് 17 വിമാനങ്ങൾ വഴിയാണ് ഭക്ഷണപ്പൊതികൾ എയർ ഡ്രോപ്പ് ചെയ്തത്. ചാലിയാറും ഭാരതപ്പുഴയും ഉൾപ്പടെ നിറഞ്ഞൊഴുകിയ സാഹചര്യത്തിൽ മലപ്പുറത്തെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. 

മലപ്പുറം മുണ്ടേരിയിൽ നാല് ആദിവാസി ഊരുകളാണ് ഒറ്റപ്പെട്ട അവസ്ഥയിലുള്ളത്. ഇവിടെ ചാലിയാർ കൂലംകുത്തിയൊഴുകുകയായതിനാൽ ഈ പുഴ കടന്ന് ആദിവാസികൾക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഊര് വിട്ട് വരാൻ സാധാരണയെന്നത് പോലെ ആദിവാസികൾ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് റൊട്ടി ഉൾപ്പടെയുള്ള വസ്തുക്കൾ നിറച്ച പ്ലാസ്റ്റിക് ബാഗുകൾ വ്യോമസേന എയർഡ്രോപ് ചെയ്തത്.