അഞ്ച് പതിറ്റാണ്ടോളമായി അടയ്ക്കിവാണ കോർപ്പറേഷൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ കഷ്ടിച്ച് മുന്നിലെത്താനായെങ്കിലും കോഴിക്കോട്ടെ സിപിഎം നേതാക്കളുടെ ശരീരഭാഷയിൽ നിന്നുതന്നെ നേരിട്ട് തിരിച്ചടിയുടെ ആഘാതം വ്യക്തമാണ്.

കോഴിക്കോട്: കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോഴിക്കോട് കോർപ്പറേഷനിൽ പുതിയ മേയർ ആരാകണമെന്ന ചർച്ചകൾ സിപിഎമ്മിൽ തുടങ്ങി. കോട്ടൂളി വാർഡിൽ നിന്ന് വിജയിച്ച എസ് ജയശ്രീക്കാണ് സാധ്യത കൂടുതൽ. അതിനിടെ, പാർട്ടി നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം കണ്ടെത്താനായി സിപിഎം ജില്ലാ സെക്രട്ടറി യോഗം ഇന്ന് ചേർന്നു.

അഞ്ച് പതിറ്റാണ്ടോളമായി അടയ്ക്കിവാണ കോർപ്പറേഷൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ കഷ്ടിച്ച് മുന്നിലെത്താനായെങ്കിലും കോഴിക്കോട്ടെ സിപിഎം നേതാക്കളുടെ ശരീരഭാഷയിൽ നിന്നുതന്നെ നേരിട്ട് തിരിച്ചടിയുടെ ആഘാതം വ്യക്തമാണ്. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ മാറി നടക്കുന്ന മന്ത്രി മുഹമ്മദ് റിയാസ്, വോട്ടെണ്ണലിനു മുൻപ് വെല്ലുവിളി നടത്തിയിട്ടും വോട്ടെണ്ണിക്കഴിഞ്ഞതോടെ ഒരു വിശദീകരണം പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ ജില്ലാ സെക്രട്ടറി എം മെഹബൂബ്, ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ എത്തിയവരിൽ മുൻ സെക്രട്ടറി പി മോഹനനും മീഞ്ചന്തയിൽ തോറ്റ മേയർ സ്ഥാനാർത്ഥി മുസാഫർ അഹമ്മദും മാത്രമാണ് പേരിനെങ്കിലും രണ്ടു വാക്ക് സംസാരിക്കാൻ തയ്യാറായത്.

അതിനിടെ, അടുത്ത മേയറെക്കുറിച്ചുള്ള ആലോചനകളും സിപിഎമ്മിൽ തുടങ്ങി. കോട്ടൂളിയിൽ നിന്ന് വിജയിച്ച് തുടർച്ചയായ രണ്ടാം വട്ടവും കൗൺസിലറായ ഡോക്ടർ എസ് ജയശ്രീയുടെ പേരിനാണ് നിലവിൽ ആദ്യ പരിഗണന. ആർട്സ് കോളേജ് മുൻ പ്രിൻസിപ്പൽ കൂടിയായ ജയശ്രീ കഴിഞ്ഞ കൗൺസിലിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. തടമ്പാട്ട് താഴം വാർഡിൽ നിന്ന് ജയിച്ച ഒദയമംഗലത്ത് സദാശിവൻ, എരഞ്ഞിക്കലിൽ നിന്ന് വിജയിച്ച വിപി മനോജ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. ജില്ലാ പഞ്ചായത്തിലും എൽഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങൾ ആയിരുന്ന ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം വിശദീകരിക്കാൻ ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കും ആകുന്നില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കും എന്ന് മാത്രമാണ്, നേതാക്കൾ ഒരുപോലെ പറയുന്ന ഏക കാര്യം.

YouTube video player