ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി അനുപമയെ മാറ്റി. പകരം ഡി. ബാലമുരളിയെ പുതിയ സെക്രട്ടറിയായി നിയമിച്ചു. അനുപമയെ തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്.

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിവി അനുപമയെ മാറ്റി. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് മാറ്റിയതെന്നാണ് വിവരം. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയത്. കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിൻ്റെ പുതിയ സെക്രട്ടറി.

ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവായത്. അനുപമയെ തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷൻ, മെട്രോ, റെയിൽവേ) മുഴുവൻ സമയ അധിക ചുമതലയും ഇവർ വഹിക്കും. ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും നൽകി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കി.