Asianet News MalayalamAsianet News Malayalam

'അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് തിരിച്ചെടുക്കാത്തത്'; വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് ജോലിയിൽ തിരിച്ചെടുക്കാത്തതെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Icu assault case Health Minister Veena George against nurse pb anitha who fasting in kozhikode medical college
Author
First Published Apr 5, 2024, 12:37 PM IST

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് ജോലിയിൽ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി നഴ്സ് പി ബി അനിത രംഗത്തെത്തി. ഡിഎംഇ റിപ്പോർട്ട് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്ന് അനിത ആരോപിച്ചു. അതിജീവിതയ്ക്ക് സംരക്ഷണം നൽകുന്നതിൽ തൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല. സർക്കാർ പക പോക്കുകയാണെന്നും അനിത പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർക്കെതിരായ നടപടിയിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് വീണ ജോർജെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

അതേസമയം, പുനർനിയമനം ആവശ്യപ്പെട്ട് നഴ്സിങ് ഓഫീസർ പി ബി അനിതയുടെ ഉപവാസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ അഞ്ചാം ദിവസവും തുടരുകയാണ്. അനിതയ്‌ക്ക് പിന്തുണയുമായി അതിജീവിത തന്നെ ഇന്ന് രംഗത്തെത്തി. ഐ സി യു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നേഴ്സിംഗ് ഓഫിസറാണ് അനിത. കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ കോളേജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചാണ് അനിതയുടെ സമരം.

Follow Us:
Download App:
  • android
  • ios