ദുരന്തബാധിതരാരും തനിക്കെതിരെ ശബ്ദമുയർത്തിയില്ലെന്നും സി പി എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ടി സിദ്ദിഖ് എംഎൽഎ. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് സംഭവം.
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. ദുരിതബാധിതരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്.സി പി എം പ്രവർത്തകരാണ് കൂവി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്. കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.
ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും ടി സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു. ഇന്നലെ 50ലധികം വീടുകൾ ദുരന്ത ബാധിതർക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ഷിപ്പിൽ ആദ്യ ഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.
