ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്

ഇടുക്കി:ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. 
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 
ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.

'ചരിത്ര നിമിഷം', ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി മൂന്നാം ശ്രമത്തിൽ സത്രത്തിൽ വിമാനം ഇറങ്ങി

ആകാശ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി. എന്‍ സി സി യുടെ രണ്ട് സീറ്റുള്ള വൈറസ് എസ് ഡബ്ല്യു.- 80 വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ വ്യാഴാഴ്ച പറന്നിറങ്ങിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന ശേഷം മൂന്നാം തവണയാണ് ചെറുവിമാനം എയര്‍സ്ട്രിപ്പ് റണ്‍വേ തൊട്ടത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ സി സി കേഡറ്റുകളുടെ പരിശീലനത്തിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം, നാല് ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിര്‍മ്മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യം എന്നിവ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.