Asianet News MalayalamAsianet News Malayalam

'ചരിത്ര നിമിഷം', ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി മൂന്നാം ശ്രമത്തിൽ സത്രത്തിൽ വിമാനം ഇറങ്ങി

ആകാശ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി
Small aircraft landed for the first time at Satra airstrip runway
Author
First Published Dec 1, 2022, 4:32 PM IST

ഇടുക്കി: ആകാശ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി. എന്‍ സി സി യുടെ രണ്ട് സീറ്റുള്ള വൈറസ് എസ് ഡബ്ല്യു.- 80 വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ വ്യാഴാഴ്ച പറന്നിറങ്ങിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന ശേഷം മൂന്നാം തവണയാണ്  ചെറുവിമാനം എയര്‍സ്ട്രിപ്പ് റണ്‍വേ തൊട്ടത്. 

വണ്‍ കേരള എയര്‍ സ്‌ക്വാഡ്രന്‍ തിരുവനന്തപുരം കമാന്റിംഗ് ഓഫിസര്‍ എ ജി ശ്രീനിവാസനായിരുന്നു ട്രയല്‍ ലാന്‍ഡിങിന്റെ മെയിന്‍ പൈലറ്റ്. ത്രീ കേരള എയര്‍ സ്‌ക്വാഡ്രന്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ രവിയായിരുന്നു കോ പൈലറ്റ്. ഇരുവരെയും വാഴൂര്‍ സോമന്‍ എം എല്‍ എ ഹാരമണിയിച്ച് അനുമോദിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ സി സി കേഡറ്റുകളുടെ പരിശീലനത്തിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം, നാല് ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിര്‍മ്മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യം എന്നിവ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 

എന്‍ സി സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്‌ളൈയിംഗ് പരിശീലനം നല്‍കലാണ് എയര്‍സ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് എയര്‍സ്ട്രിപ്പ് സഹായകരമാകും. എയര്‍ഫോഴ്‌സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.  മുമ്പ് എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാന്‍ രണ്ട് തവണ ശ്രമിച്ചിരുന്നു. എന്നാല്‍ സമീപത്തുള്ള മണ്‍ത്തിട്ട കാരണം പക്ഷേ ലാന്‍ഡിങിന് കഴിഞ്ഞിരുന്നില്ല. 

Read more: മദ്യപിച്ച് വാഹനമോടിച്ച് അപകടം; പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു, പൊലീസുകാരെ ആക്രമിച്ചു

തടസ്സം നീക്കം ചെയ്യുന്ന ജോലികള്‍ വേഗത്തിലാക്കിയാണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്. മറ്റു പ്രവൃത്തികള്‍ കൂടി പൂര്‍ത്തീകരിച്ച് എന്‍. സി. സി. എയര്‍സ്ട്രിപ്പ് എന്ന സ്വപ്നം പൂര്‍ണ്ണതയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രയല്‍ ലാന്റിങ്ങിന് ശേഷം അടിയന്തരമായി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios