തൊടുപുഴ:  കൊവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിൽ നേരിട്ടുള്ള ബാങ്കിടപാടുകൾക്ക് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. കൂട്ടമായി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യക്കാർ മാത്രം ബാങ്കിനുള്ളിൽ പ്രവേശിക്കുക, ഒരേ സമയം അഞ്ച് ഇടപാടുകാർ മാത്രമേ ബാങ്കിനുള്ളിൽ നിൽക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉള്ളത്.

ബാങ്കുകൾക്കകത്ത് ഇടപാടുകൾ എത്രയും വേഗം പൂർത്തിയാക്കുക. പാസ് ബുക്ക് പ്രിൻറിംഗ്, ബാലൻസ് പരിശോധന എന്നിവയ്ക്കായി ബാങ്കിൽ പോകുന്നത് ഒഴിവാക്കുക. ബാങ്കിന്റെ ചുവരുകൾ, മേശ, കൗണ്ടർ എന്നിവയിൽ സ്പർശനം ഒഴിവാക്കുക. നിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും ബാങ്ക് സന്ദർശിക്കരുത്. ജലദോഷം, പനി, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവർ ബാങ്ക് സന്ദർശിക്കരുത്, ഇടപാടുകൾക്ക് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കണം. പരമാവധി ഡിജിറ്റൽ ഇടപാടുകൾ ഉപയോഗപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ഇടുക്കി ജില്ലയിലെ വ്യാപാര നിയന്ത്രണം മൂന്നാറിൽ മാത്രമായി ചുരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മൂന്നാർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയേ തുറന്ന് പ്രവർത്തിക്കാവൂ എന്ന് ജില്ല ഭരണകൂടം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക