Asianet News MalayalamAsianet News Malayalam

Idukki Dam| ഇടുക്കി ഡാം വീണ്ടും തുറന്നു ; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്, പെരിയാർ തീരത്ത് ജാഗ്രത

റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.

Idukki Dam opened once again single shutter raised to regulate water level
Author
Idukki Dam, First Published Nov 14, 2021, 2:12 PM IST

ഇടുക്കി: ഇടുക്കി ഡാം (Idukki Dam) വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് ( Dam open) തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നത്. 

ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ ജലനിരപ്പ് വേഗത്തിൽ ഉയർന്നതോടെയാണ് അണക്കെട്ട് വീണ്ടും തുറക്കാൻ റൂൾ കർവ് കമ്മറ്റി തീരുമാനിച്ചത്. ഉച്ചക്ക് ഒന്ന് അമ്പത്തിയഞ്ചിന് ആദ്യത്തെ സൈറൺ മുഴങ്ങി. 2.03ന് മൂന്നാമത്തെ ഷട്ടർ ഉയർത്തിയതോടെ ജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി.  2398.90 അടിയായിരുന്നു ഷട്ടർ തുറക്കുമ്പോൾ ഇടുക്കിയിലെ ജലനിരപ്പ്. നിലവിലെ റെഡ് അലർട്ട് പരിധിയായ 2399.03 അടിയിലെത്തുന്നതിനു മുമ്പേ ഇത്തവണയും അണക്കെട്ട് തുറന്നു സെക്കൻഡിൽ നാൽപ്പതിനായിരം ലിറ്ററോളം വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതി കളക്ടർ ഇന്നലെത്തന്നെ നൽകിയിരുന്നു.

ഒക്ടോബർ 19 ന്  മൂന്നു ഷട്ടറുകൾ ഉയർത്തി ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴിക്കിയിരുന്നു. ജലനിരപ്പ് താഴ്ന്നതോടെ 27 ന് ഷട്ടറുകൾ പൂർണ്ണമായും അടച്ചു. ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും ഇടുക്കി തുറക്കാൻ കാരണമായിട്ടുണ്ട്.

പെരിയാർ താരത്തെ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ആവശ്യം അംഗീകരിച്ച് തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിൻ്റെ അളവ് കൂട്ടിയിട്ടുണ്ട്. ഇതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായി. വൃഷ്ടിപ്രദേശത്ത് മഴ കനത്താൽ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തിയേക്കും.

 

Follow Us:
Download App:
  • android
  • ios