Asianet News MalayalamAsianet News Malayalam

'ഞങ്ങൾ തീ തിന്നാണ് ജീവിക്കുന്നത്', ധീരജ് കൊലപാതകത്തിൽ വിചാരണ വേഗത്തിലാക്കണമെന്ന് കുടുംബം

എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിയായിരുന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജ് യൂത്ത് കോൺഗ്രസ്, കെഎസ് യു വിദ്യാർത്ഥികളുടെ കൊലക്കത്തിക്കിരയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കോളജിൻറെയും ഹോസറ്റലിന്റെയും ഇട നാഴികളിൽ മുഴങ്ങിക്കേട്ട ധീരജിന്റെ പാട്ടുകളും മുദ്രാവാക്യം വിളികളും ഇനിയില്ലെന്നത് ഉൾക്കൊള്ളാൻ അധ്യാപകർക്കും ധീരജിനെ സ്നേഹിക്കുന്ന സുഹൃത്തുക്കൾക്കും ഇനിയുമായിട്ടില്ല

idukki engineering college student  sfi activist dheeraj s first Martyr's Day
Author
First Published Jan 10, 2023, 10:24 AM IST

ഇടുക്കി: ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ കുത്തിക്കൊന്ന കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണത്തിലും നടപടികളിലും തൃപ്തരാണെന്നും അനാവശ്യ ഹർജികൾ നൽകി വിചാരണ നീട്ടാൻ പ്രതികൾ ശ്രമിക്കുകയാണെന്നും ധീരജിൻറെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊലക്കുറ്റം ചെയ്തവൻ ഇന്നും പുറത്താണ്. രാഹുൽ ഗാന്ധി പങ്കെടുത്ത ഭാരജ് ജോഡോ യാത്രയിലും കോൺഗ്രസ്  കൊലപാതകിയെ പങ്കെടുപ്പിച്ചു. കോൺഗ്രസ് അനുഭാവിയായിരുന്ന തന്നോട്, മകന്റെ മരണത്തിൽ ആശ്വാസവാക്കു പറയാൻ ഒരു കോൺഗ്രസുകാരൻ പോലുമെത്തിയില്ലെന്നും ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ പറഞ്ഞു. താൻ കോൺഗ്രസ് അനുഭാവി ആണെന്നറിഞ്ഞിട്ടും പക്ഷേ സിപിഎം ചേർത്തു നിർത്തി. കെ സുധാകരൻ ധീരജിനെകുറിച്ച് നടത്തിയ പ്രസ്താവനയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ധീരജ് മരിച്ചിട്ടും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപമാനം ഇപ്പോഴും തുടരുകയാണെന്നും കുടുംബം പറഞ്ഞു. 

'ഞങ്ങൾ തീ തിന്നാണ് ജീവിക്കുന്നത്. ധീരജിന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഒരു കോൺഗ്രസുകാരന്റെ മകനെയാണ് അവരില്ലാതാക്കിയത്. ധീരജ് എസ്എഫ്ഐക്കാരനായിരുന്നുവെന്നത് മാത്രമാണ് അവനെ കൊന്ന് കളഞ്ഞതിന് കാരണം. ഭർത്താവിൻറെ വാക്കു കേട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യമായും അവസാനമായും കെ സുധാകരന് വോട്ടു ചെയ്തുപോയതിൽ ഇന്നും വേദനയാണെന്നും ധീരജിൻറെ അമ്മ പുഷ്പകലയും പറഞ്ഞു. 

എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിയായിരുന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജ് യൂത്ത് കോൺഗ്രസ്, കെഎസ് യു വിദ്യാർത്ഥികളുടെ കൊലക്കത്തിക്കിരയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കോളജിൻറെയും ഹോസറ്റലിന്റെയും ഇട നാഴികളിൽ മുഴങ്ങിക്കേട്ട ധീരജിന്റെ പാട്ടുകളും മുദ്രാവാക്യം വിളികളും ഇനിയില്ലെന്നത് ഉൾക്കൊള്ളാൻ അധ്യാപകർക്കും ധീരജിനെ സ്നേഹിക്കുന്ന സുഹൃത്തുക്കൾക്കും ഇനിയുമായിട്ടില്ല. ധീരജിൻറെ മരിക്കാത്ത ഓർമ്മകളിലാണ് കോളേജിലെ കുട്ടികളും അധ്യാപകരുമിപ്പോഴും

കഴിഞ്ഞ ജനുവരി പത്തിന് ഉച്ചയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയുടെ കത്തിയിൽ ധീരജിൻറെ ജീവൻ പൊലിഞ്ഞത്. അന്ന് ധീരജിനൊപ്പമുണ്ടായിരുന്ന അഭിജിത്തിനും അമലിനും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. അന്നത്തെ സംഭവത്തിൽ  അമലിൻറെ മനസിനേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. ഒന്നാം ചരമദിനത്തിൽ ഇടുക്കി എൻജിനീയറിംഗ് കോളജിന് മുന്നിലെ ധീരജ് രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും. വൈകുന്നേരം ചെറുതോണി ടൗണിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി രാജീവ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.


 

Follow Us:
Download App:
  • android
  • ios