ഇടുക്കി: കുമളി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 17 നാണ് ഇദ്ദേഹം അവസാനമായി ഡ്യൂട്ടിയിൽ എത്തിയത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടക്കം നിരീക്ഷണത്തിൽ പോകേണ്ടിവരും.

പാലിയേറ്റീവ് വിഭാഗത്തിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദേവികുളം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ അടച്ചു. കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ടി വരും. ആശുപത്രി അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇടുക്കി തങ്കമണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടിക വിപുലമായതിനാൽ തങ്കമണി ടൗൺ പൂർണമായും അടച്ചു.  

അതേ സമയം പാലക്കാട് കഞ്ചിക്കോട് കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അധ്യാപിക ഈ മാസം 14 ന് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് പോയിരുന്നെങ്കിലും നിരീക്ഷണത്തിൽ പോയിരുന്നില്ല. 14 തമിഴ്നാട്ടിൽ പോയ ഇവർ 
16ന് ആണ് പരീക്ഷാ ഡ്യൂട്ടി എടുത്തത്. ജില്ലാ ആരോഗ്യവകുപ്പിനെ യാത്രാവിവരം അറിയിച്ചിരുന്നുവെന്ന് അധ്യാപികയുടെ മകൾ പറയുന്നു. എന്നാൽ യാത്രാവിവരം അറിയില്ലായിരുന്നുവെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതികരണം.