ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉടൻ ഭൂമി പതിച്ച് നൽകണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്. പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബത്തിന് ഒരേക്കർ ഭൂമി പതിച്ച് നൽകണമെന്നാണ് ആവശ്യം.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ ടാറ്റയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. എന്നാൽ ലയങ്ങൾക്ക് പകരം നിർമിക്കുന്ന വീടുകൾ പ്ലാന്‍റേഷന്‍റെ ഭൂമിയിലാകരുതെന്ന നിലപാടിലാണ് തോട്ടം തൊഴിലാളികൾ.

പ്ലാന്‍റേഷൻ ഭൂമിയിൽ നിർമിച്ചാൽ കണ്ണൻദേവൻ കമ്പനിക്കായിരിക്കും വീടുകളുടെ ഉടമസ്ഥാവകാശം. കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ ലയങ്ങൾ പോലെ തന്നെ വീടും ഒഴിഞ്ഞ് കൊടുക്കേണ്ടി വരും. ഈ സാഹചര്യത്തിൽ പ്ലാന്‍റേഷൻ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി സർക്കാർ പിടിച്ചെടുത്ത് തോട്ടം തൊഴിലാളികൾക്ക് പതിച്ച് നൽകണം.

പൊമ്പിളൈ ഒരുമൈ വിവിധ സംഘങ്ങളായി പിരിഞ്ഞതോടെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനയ്ക്ക് കീഴിലാണ് ഗോമതി ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തോട്ടം തൊഴിലാളികൾക്കൊപ്പം ദളിത്_ആദിവാസി സംഘടനങ്ങൾ, സ്ത്രീ കൂട്ടായ്മകൾ എന്നിവരെയും ഒപ്പം നിർത്തി സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

പെട്ടിമുടിയിൽ നിന്ന് ദൗത്യസംഘം മടങ്ങി

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ നിന്ന് ദൗത്യസംഘം മടങ്ങി. 19 ദിവസത്തെ തെരച്ചിലിൽ അപകടത്തിൽപ്പെട്ട 93 ശതമാനം പേരെയും കണ്ടെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തോടെയാണ് സംഘത്തിന്‍റെ മടക്കം. അഞ്ച് പേരെയാണ് ഇനി പെട്ടിമുടിയിൽ നിന്ന് കണ്ടെത്താനുള്ളത്.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പെട്ടിമുടിയിൽ നിന്നുള്ള ദൗത്യസംഘത്തിന്റെ മടക്കം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഓഗസ്റ്റ് ഏഴിന് ശേഷമുള്ള 19 ദിവസം പ്രതികൂല കാലാവസ്ഥയും വന്യജീവികളുടെ സാന്നിധ്യവും അടക്കമുള്ള കാര്യങ്ങൾ വകവയ്ക്കാതെയായിയിരുന്നു ദൗത്യസംഘത്തിന്‍റെ തെരച്ചിൽ. അഗ്നിശമന സേന, ദേശിയ ദുരന്തനിവാരണസേന, വനം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളും സന്നദ്ധപ്രവർത്തകരും ചേർന്ന് അഞ്ഞൂറോളം പേരാണ് തെരച്ചിലിൽ പങ്കാളികളായത്. ഇടയ്ക്ക് ദൗത്യസംഘത്തിലെ ഏതാനും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇതൊന്നും തെരച്ചിലിനെ ബാധിച്ചില്ല.

12 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ കാണാതായ 70 പേരിൽ 65 മൃതദേഹങ്ങളും കണ്ടെടുത്തു. ഉരുൾപൊട്ടൽ അപകടത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്രയും ഫലപ്രദമായ തെരച്ചിൽ. പെട്ടിമുടി സ്വദേശി ഗാന്ധിരാജിന്റെ ഭാര്യ റാണി, മകള്‍ 21കാരി കാര്‍ത്തിക, ഷണ്‍മുഖനാഥന്റെ മകൻ ദിനേഷ് കുമാർ, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മകള്‍ ഏഴ് വയസുകാരി പ്രിയദര്‍ശിനി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. മഴ കുറഞ്ഞ് കന്നിയാറിലെ ജലനിരപ്പ് താഴ്ന്നാൽ ഒരാഴ്ചക്ക് ശേഷം പ്രദേശവാസികളുടെ സാഹായത്തോടെ ഇവർക്കായി ഒരുവട്ടം കൂടി തെരച്ചിൽ നടത്താനാണ് ജില്ലഭരണകൂടത്തിന്‍റെ തീരുമാനം.