ഇടുക്കി: ഇടുക്കി ജില്ലയിൽ ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പുതിയ ഫലം നെഗറ്റീവ്. മൈസൂരിൽ നിന്ന് വന്ന ഏലപ്പാറ യുവാവ്, ഇയാളുടെ അമ്മ, ഇവരിൽ നിന്നും രോഗം ബാധിച്ച ഏലപ്പാറയിലെ ഡോക്ടർ ഏലപ്പാറയിലെ ആശാവർക്കർ, ചെന്നൈയിൽ നിന്ന് വന്ന യുവതി, തമിഴ് നാട്ടിൽ നിന്ന് വന്ന മണിയാറൻ കുടി സ്വദേശി എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. അടുത്ത ടെസ്റ്റ് റിസൽറ്റും നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാം. അതേസമയം റെഡ് സോണിൽ ഉൾപ്പെട്ട ഇടുക്കിയിൽ അതീവ ജാഗ്രത തുടരുകയാണ്. 

കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി പുറത്തിറങ്ങിയ 118 പേർക്കെതിരെ ഇന്നലെ കേസെടുത്തു. മറ്റ് ലോക്ക് ഡൌണ് നിയമലംഘനങ്ങളിൽ 216 പേർക്കെതിരെയും കേസുണ്ട്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുകയോ,വാഹനങ്ങളിൽ യാത്രയോ പാടില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത് ഉറപ്പാക്കാൻ പരിശോധനകളും കർശനമാക്കി. ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയവരാണ്. ഈ സാഹചര്യത്തിൽ ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കർശന പരിശോധനകൾ ഉണ്ടാകും.