ദില്ലി: ബെംഗലൂരു മയക്ക് മരുന്ന്  കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് എൻഫോഴ്സ്മെന്റ് ്അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്ന് സീതാറാം യെച്ചൂരി. അമിത് ഷായുടെ മകൻ ജയ് ഷായുടെ വരുമാനം കൂടിയത് പോലെയല്ല ബിനീഷിനെതിരായ കേസ്. ഇതിൽ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്തെന്നും യെച്ചൂരി പറഞ്ഞു. മകൻ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണൻ മറുപടി പറയേണ്ടതില്ലെന്ന പൊതു നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. 

സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാൻ കേന്ദ്രകമ്മിറ്റി തീരുമാനമില്ലെന്നും സീതാറാം യെച്ചൂരി വിശദീകരിച്ചു. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് ധാരണ. 

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തൊപ്പം നില്ക്കാൻ സിപിഎം തീരുമാനിച്ചു. അസമിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളുമായി സീറ്റു ധാരണയുണ്ടാക്കും. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സീറ്റു ധാരണയുണ്ടെന്നും യെച്ചൂരി പറഞ്ഞു