Asianet News MalayalamAsianet News Malayalam

100 കോടിയുടെ ചലാൻ, ഇതുവരെ ഖജനാവിലെത്തിയത് 33 കോടി; എഐ ക്യാമറ സ്ഥാപിച്ച പണം കിട്ടണം, സർക്കാരിനോട് കെൽട്രോണ്‍

232 കോടിരൂപയായിരുന്നു കെൽട്രോണിൻറെ ചെലവ്. തവണകളായി സർക്കാർ കെൽട്രോണിന് നൽകുമെന്നായിരുന്നു ധാരണപത്രം. മൂന്ന് മാസത്തിലൊരിക്കൽ തുക എന്ന നിലക്കായിരുന്നു ധാരണ. ആദ്യ ഗഡുവമായി നൽകേണ്ടിയിരുന്നത് 11.79 കോടിയാണ്.

If funding for installing AI cameras in Kerala is not received  Keltron will not move forward with control rooms vkv
Author
First Published Dec 25, 2023, 8:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ പണം ലഭിച്ചില്ലെങ്കിൽ ഇനി കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെൽട്രോണ്‍. ക്യാമറകള്‍ സ്ഥാപിച്ചതിലെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കെൽട്രോൺ സർക്കാറിനെ കടുത്ത നിലപാട് അറിയിച്ചത്. നിലവിൽ ഒരു മാസം ഒരു കോടി രൂപ സ്വന്തം നിലക്ക് കെൽട്രോൺ ചെലവഴിച്ചാണ് പദ്ധതി നടത്തിവരുന്നത്.  കൊട്ടിഘോഷിച്ച് റോഡിൽ പുതിയ ക്യാമറകൾ വെച്ചിട്ട് ആറുമാസമായി. എന്നാൽ ആദ്യ ഗഡു പോലും കിട്ടിയില്ലെന്ന് കെൽട്രോൺ പറയുന്നു.

ഇത് വരെ 100 കോടിയുടെ ചെലാൻ പിഴ ഇനത്തിൽ 14 ജില്ലകളിൽ നിന്നും കെൽട്രോൺ നൽകി. 33 കോടി രൂപ പിഴയായി കഴിഞ്ഞയാഴ്ചവരെ ഖജനാവിലെത്തി. 232 കോടിരൂപയായിരുന്നു കെൽട്രോണിൻറെ ചെലവ്. തവണകളായി സർക്കാർ കെൽട്രോണിന് നൽകുമെന്നായിരുന്നു ധാരണപത്രം. മൂന്ന് മാസത്തിലൊരിക്കൽ തുക എന്ന നിലക്കായിരുന്നു ധാരണ. ആദ്യ ഗഡുവമായി നൽകേണ്ടിയിരുന്നത് 11.79 കോടിയാണ്. ധാരണപത്രത്തിൽ പിഴവുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ഉപകരാർ വെച്ച് പണം നൽകാൻ പിന്നീട് സർക്കാർ തീരുമാനിച്ചിരുന്നു. 

എന്നാൽ ഉപകരാറിനെ കുറിച്ച് ഇത് വരെ തീരുമാനമായില്ല. ഇതിനിടെ ക്യാമറാ പദ്ധതിയിൽ വൻ അഴിമതി ആരോപണവും ഉയർന്നു. പ്രതിപക്ഷം കോടതിയെയും സമീപിച്ചു. സെപ്റ്റംബറിൽ കെൽട്രോണിന് ആദ്യ ഗഡു നൽകാൻ ഹൈക്കോടതി അനുമതി നൽകി. പക്ഷെ ഇതുവരെ ഒരു രൂപ പോലും സർക്കാർ കെൽട്രോണിന് നൽകിയില്ല. ഈ സാഹചര്യത്തിലാണ് കെൽട്രോൺ കടുപ്പിക്കുന്നത്. 140 സ്റ്റാഫിനുള്ള ശമ്പളത്തിലും കൺട്രോൾ റൂം പ്രവർത്തനത്തിനും ചെലാൻ പ്രിൻറിംഗിനുമായി പണം സ്വന്തം നിലക്കാണ് കൊടുക്കുന്നത്. ഉടൻ പണം നൽകിയില്ലെങ്കിൽ കൺട്രോൾ റൂമുകളുട പ്രവർത്തനം തന്നെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് കെൽട്രോൺ സർക്കാറിനെ അറിയിച്ചു. 

മറ്റ് പദ്ധതികളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ക്യാമറ പദ്ധതിയുടെ നടത്തിപ്പെന്നും കെൽട്രോൺ പറയുന്നു. കെൽട്രോൺ പണം ആവശ്യപ്പെടുമ്പോൾ ആദ്യ ഗഡു തന്നെ കുറക്കാനുള്ള നീക്കവും ഗതാഗതവകുപ്പിനുണ്ട്. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതനുസരിച്ച് 9.39 കോടി മതിയെന്നുമാണ് ഒരുമാസം മുമ്പ് വകുപ്പിന് കീഴിലെ ഉന്നതാധികാര സമിതി ശുപാർശ ചെയ്തത്. ഇതിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. പുതിയ ഗതാഗതമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയായി എഐ ക്യാമറ മാറുകയാണ്.

Read More : തെക്കൻ കേരളത്തിൽ മഴ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

Latest Videos
Follow Us:
Download App:
  • android
  • ios