Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാനാകില്ല; ഐഎഫ്എഫ്കെ വേദി വിവാദത്തിൽ എകെ ബാലൻ

5000 പേരുടെ രജിസ്‌ട്രേഷൻ ആണ് ഇത്തവണ നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യപനം ഉണ്ടാക്കാനാകില്ല. 
 

iffk trivandrum controversy ak balan
Author
Trivandrum, First Published Jan 3, 2021, 9:52 AM IST

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ഐഎഫ്എഫ്കെ പതിവ് അനുസരിച്ച് സംഘടിപ്പിക്കാൻ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലൻ. 5000 പേരുടെ രജിസ്‌ട്രേഷൻ ആണ് ഇത്തവണ നടത്തുന്നത്. വലിയ മേള നടക്കുമ്പോൾ അതിന് അനുസരിച്ചുള്ള ആശങ്ക സര്‍ക്കാരിന് ഉണ്ട്. ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണ്. അതിൽ ആര്‍ക്കും സംശയം ഉണ്ടാകേണ്ട കാര്യം ഇല്ല. കൊവിഡ് സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല,  അതുകൊണ്ടാണ് വേദികൾ വികേന്ദ്രീകരിച്ച് മേള നടത്താൻ തീരുമാനിച്ചതെന്നും എകെ ബാലൻ പറഞ്ഞു. 

ഐഎഫ്എഫ്കെ പ്രാദേശിക പ്രദര്‍ശനം നടത്താറുണ്ട്. ഇത് പുതിയ സംഭവം അല്ല. ഐഎഫ്എഫ്കെ കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരത്ത് മാത്രമെന്നത് തെറ്റായ ധാരണയാണെന്നും എകെ ബാലൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയെ സ്നേഹിക്കുന്നവർ ഇത്തരം അനാവശ്യവിവാദം  ഉയർത്തില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ശ്രമം. ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും പാലക്കാട്ടും തലശ്ശേരിയിലും വച്ച് നടത്താനുള്ള തീരുമാനമാണ് വിവാദമായത്. തിരുവനന്തപുരത്തിന്‍റെ മേളയാണെന്നും വേദികളുടെ വികേന്ദ്രീകരണം അനുവദിക്കാനാകില്ലെന്നുമാണ് വിമര്‍ശനം ഉന്നയിക്കുന്നവരുടെ വാദം. അതേ സമയം കൊവിഡ് വ്യാപന സാഹചര്യത്തിലാണ് മേള ഇത്തരത്തിൽ സംഘടിപ്പിക്കേണ്ടിവന്നതെന്നാണ് വിശദീകരണം

Follow Us:
Download App:
  • android
  • ios