ഐജിയുടെ ഔദ്യോഗിക കാറില്‍ സ്വാമി എത്തിയത് ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

തിരുവനന്തപുരം: ബി.ജെ.പി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വസതിക്കു മുന്നില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊലീസ് ആസ്ഥാനത്തെ ഐജിയുടെ വാഹനത്തില്‍ സ്വാമി എത്തിയ സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുമ്മനത്തിന് ലഭിച്ച ഷോളുകളും മറ്റു വസ്തുകളും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടിയിലേക്കാണ് ഐജി ദിനേന്ദ്ര കശ്യപിന്‍റെ വാഹനത്തില്‍ പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി എത്തിയത്. 

ഐജിയുടെ ഔദ്യോഗിക കാറില്‍ സ്വാമി എത്തിയത് ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ദിനേന്ദ്രകശ്യപിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ സ്വാമിയെ അവിടെ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കാനായാണ് ഐജിയുടെ വണ്ടി വിട്ടു കൊടുത്തത് എന്നാണ് ഐജിയുടെ ഓഫീസ് പറയുന്നത്. യാത്രാമധ്യേ സ്വാമി കരമനയില്‍ കുമ്മനം രാജശേഖരനെ കാണാന്‍ ഇറങ്ങുകയായിരുന്നും ഇതേക്കുറിച്ച് ഐജിക്ക് അറിവില്ലെന്നും അദ്ദേഹം കാറില്‍ ഇല്ലായിരുന്നുവെന്നും ദിനേന്ദ്ര കശ്യപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നു.