ലക്ഷ്മണയോട് ഓൺലൈനിൽ പങ്കെടുക്കാൻ ഡിജിപി നിർദ്ദേശിച്ചു. എഡിജിപിമാർ മതിയെന്നാണ് ഡിജിപി അറിയിച്ചത്.

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ ഐജി ലക്ഷ്മണക്ക് (IG Lakshmana) മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (Pinarayi Vijayan ) സീറ്റ് നൽകിയില്ല. യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ ഐജി ലക്ഷ്മണയെ തിരിച്ചയച്ചു. ലക്ഷ്മണയോട് ഓൺലൈനിൽ പങ്കെടുക്കാൻ ഡിജിപി നിർദ്ദേശിച്ചു. എഡിജിപിമാർ മതിയെന്നാണ് ഡിജിപി അറിയിച്ചത്. മോൻസനുമായുള്ള അടുപ്പത്തിന്റെ പേരിൽ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ.

മോൺസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്. ഓൺലൈന്‍ യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപിമാർ വരെ ഉള്ളവര്‍ പങ്കെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൺസണറെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചർച്ചാ വിഷയം. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൺസന്‍റെ വീട് സന്ദർശിച്ചതും വന്‍ വിവാദമായിരുന്നു. ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസണിന്‍റെ വീടിന് സംരക്ഷണം നൽകാൻ ബെഹ്റ നിർദ്ദേശിച്ചതും മുൻ ഡിഐജി സുരേന്ദ്രനും മോൺസണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

Also Read: 'പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്'; കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി

പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസും, പെൺകുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പൊലീസിൻ്റെ ക്രൂരത അടക്കം അടുത്തിടെ പൊലീസ് ചെന്നുപെട്ട വിവാദ പരമ്പരകൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ യോഗം. എസ് എച്ച് ഒ മുതൽ ഡിജിപിമാർ വരെ യോ​ഗത്തില്‍ പങ്കെടുത്തു. എസ്പിമാർ മുതലുള്ള ഉദ്യോഗസ്ഥർ മതിയെന്ന് രാവിലെ അറിയിപ്പ് വന്നത് ആശയക്കുഴപ്പമുണ്ടാക്കി. മേലുദ്യോഗസ്ഥർക്കെതിരെ താഴത്തട്ടിലെ പൊലീസുകാർ പരാതി ഉന്നയിക്കുമെന്ന് കണ്ടാണ് മാറ്റമെന്ന നിലയിൽ ചർച്ച ഉയർന്നു. പക്ഷെ, പിന്നീട് അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പമെന്ന് പറഞ്ഞ് എല്ലാവരോടും പങ്കെടുക്കാൻ നിർദ്ദേശം വന്നു.

YouTube video player