കൊച്ചി: എറണാകുളം ഭൂതത്താൻ കെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ടൂറിസം ലോബിയുടെ നീക്കം.
പെരിയാർവാലി കനാലിന്  കുറുകെ വനഭൂമിയെ ബന്ധിപ്പിച്ചാണ് ബണ്ട് നിർമിച്ചത്. രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് അനധികൃമായ നിര്‍മ്മാണം. വനഭൂമി കയ്യേറാൻ സ്വകാര്യ വ്യക്തികളും ടൂറിസം ലോബിയും നടത്തുന്ന ചെപ്പടി വിദ്യകൾ കേരളം മുമ്പും കണ്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടു വരുന്നത്. വനത്തിലുളളിലെ റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് നി‍ർമിക്കുന്നതിനായി കനാലിനുകുറേകേ തടയണയ്ക്ക് സമാനമായ  ബണ്ട് അനധികൃതമായി നിർമിച്ചാണ് തുടക്കം.

പെരിയാർ വാലി കനാലിനു കുറുകെ ബണ്ട് പണിതതാര്? ആർക്കാണ് അതുകൊണ്ട് പ്രയോജനം?

ദിവസങ്ങൾക്കുമുമ്പാണ് വനഭൂമിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്വകാര്യ ലോബി ബണ്ടിന്‍റെ നിർമാണം തുടങ്ങിയത്. നേരത്തെ ഒരാൾക്കു നടക്കാവുന്ന വീതിയിൽ വരമ്പിന് സമാനമായ ബണ്ടുണ്ടായിരുന്നു. വനഭൂമിക്കുളളിലെ പട്ടയഭൂമിയിലേക്ക് പോകാൻ സ്വകാര്യവ്യക്തികൾ ആശ്രയിച്ചിരുന്നത് ഈ വരമ്പിനെയാണ് . ഇതിന് ബദലായിട്ടാണ് ഒരു ലോറി പോകാൻ പാകത്തിൽ പെരിയാർ വാലി കനാലിനു കുറുകെ ബണ്ട് പണിതത്.  സർക്കാരിന്‍റെ ശമ്പളം മാസാമാസം കൈനീട്ടി വാങ്ങുന്ന ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെങ്കിലും എല്ലാം കണ്ണുതുറന്നു കണ്ടവരുണ്ട്. പെരിയാർ വാലി കനാലിലെ പുറമ്പോക്കിൽ താമസിക്കുന്ന പാവങ്ങൾ.

"

വനത്തിനുളളിൽ ഏക്കറുകണക്കിന് ഭൂമിയുളള കോതമംഗലത്തെ ഒരു വൈദികനും റിസോർട്ടുടമയും അടക്കമുളളവരെത്തിയാണ് ബണ്ട് പണിയിച്ചതെന്നാണ് വനം വകുപ്പു ഉദ്യോഗസ്ഥരും പെരിയാർ വാലി കനാൽ ഉദ്യോഗസ്ഥരും എല്ലാത്തിനുമൊടുവിൽ ഇപ്പോൾ  സമ്മതിക്കുന്നത്. ബണ്ട് അവസാനിക്കുന്ന ഭാഗത്താണ് വനഭൂമിയിലൂടെയുളള വർഷങ്ങളായുളള കൈവഴി. ഇതിലൂടെ ഒരുകിലേ മീറ്ററിലധികം പോയാൽ പട്ടയഭൂമിയിലെത്താം. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയാൽ റിസോർട്ടുകളും ഹോം സ്റ്റേകളും. വനത്തിനുളളിൽ ഭൂതത്താൻ കെട്ട് ഡാമിനടുത്ത്  റിസോർട്ട് പണിയാൻ ടൂറിസം ലോബികൾ കൂട്ടമായി എത്തിയതോടെയാണ് വനത്തിലൂടെ റോഡ് നി‍ർമിക്കാൻ ശ്രമം തുടങ്ങിയത്.