Asianet News MalayalamAsianet News Malayalam

Revenue Land : തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണങ്ങള്‍ തുടരുന്നു; അനക്കമില്ലാതെ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്

നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമികളുടെ കൃത്യമായ രേഖകള്‍ പലയിടത്തുമില്ല എന്നതും ക്രമക്കേടിന് കാരണമാണ്

illegal construction in plantation land continuing in kerala
Author
Kozhikode, First Published Jan 24, 2022, 9:23 AM IST

കോഴിക്കോട് : ഭൂപരിഷ്കരണ നിയമം (land reforms law)അട്ടിമറിച്ച് കോടഞ്ചേരിയിലടക്കം തോട്ടഭൂമികളില്‍ (plantation law)അനധികൃത നിര്‍മാണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന് (state land board)കുലുക്കമില്ല.താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ നിയമ നടപടികള്‍ അനന്തമായി നീളുന്നത് നിയമലംഘര്‍ക്ക് പ്രോത്സാഹനമാണ്.ഭൂപരിധിയില്‍ ഇളവ് നല്‍കിയ തോട്ടങ്ങളുടെ രേഖകള്‍ വില്ലേജുകളിലില്ലാത്തതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

കേരളത്തെ കേരളമാക്കിയ, ഇടതു വലതു മുന്നണികള്‍ ഒരു പോലെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഭൂപരിഷ്കരണ നിയമം. എന്നാല്‍ ഈ നിയമത്തെ തീര്‍ത്തും പരിഹാസ്യമാക്കിയാണ് ഈ നിയമ പ്രകാരം ഇളവു നല്‍കി നിലനിര്‍ത്തിയ തോട്ടങ്ങള്‍ ഇടിച്ചു നിരത്തുന്നതും മുറിച്ച് വില്‍ക്കുന്നതും.

കോടഞ്ചേരിയിലെ ഈ കാഴ്ചകള്‍ ഒറ്റപ്പെട്ടതല്ല. 1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം, നിയമം നിലവില്‍ വരുമ്പോള്‍ തോട്ടങ്ങളായി നിലനിന്ന ഭൂമിക്ക് ഭൂപരിധിയില്‍ ഇളവ് നല്‍കിയത് അവ കൃഷിയിടങ്ങളായി തന്നെ നിലനിര്‍ത്തണം എന്ന വ്യവസ്ഥയോടെയാണ്. ഇത്തരം ഭൂമി നിര്‍മാണ ആവശ്യത്തിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ തരം മാറ്റിയാല്‍ അത് മിച്ചഭൂമിയായി ഏറ്റെടുക്കണമെന്ന് ഭൂപരിഷ്കരണനിയമത്തിലെ സെക്ഷന്‍ 87 നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും ഇത്തരം കാഴ്ചകള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട് ? 

ഭൂപരിഷ്കരണ നിയമത്തിന്‍റെ സംരക്ഷണം എന്ന പ്രധാന ലക്ഷ്യത്തോടെ രൂപീകൃതമായ സംസ്ഥാന ലാന്‍ഡ് ബോര്‍ഡും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളും ഈ നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ മൂകസാക്ഷികളാകുന്നത് എന്തുകൊണ്ട് ? അതും ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച് ഏറ്റവുമധികം വാചാലരാകുന്ന ഇടതു മുന്നണി അധികാരത്തിലിക്കെ. ഭൂപരിധി ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്ന പി.വി അന്‍വറിനെതിരെ കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ചെറുവിരലനക്കാത്ത താമരശേരി ലാന്‍ഡ് ബോര്‍ഡിനു കീഴില്‍ തന്നെയാണ് കോടഞ്ചേരിയിലെ നിയമലംഘനങ്ങളെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഭൂപരിഷ്കരണ നിയമ പ്രകാരം ഇളവ് നേടിയ തോട്ടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് കാട്ടി കോഴിക്കോട് ജില്ലയിലെ കുമാരനെല്ലൂര്‍ വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ബോർഡ് സ്ഥാപിച്ചു. ഇത്തരം ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്ത് ഒട്ടുമിക്കയിടത്തും ഭൂപരിഷ്കരണ നിയമത്തിന്‍റെ ലംഘനം ഏറിയോ കുറഞ്ഞോ നടക്കുന്നു. 

നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമികളുടെ കൃത്യമായ രേഖകള്‍ പലയിടത്തുമില്ല എന്നതും ക്രമക്കേടിന് കാരണമാണ്. കോടഞ്ചേരി വില്ലേജ് ഓഫീസര്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് കത്തയച്ചതും ഈതേ പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു. വില്ലേജില്‍ സൂക്ഷിക്കുന്ന അടിസ്ഥാന നികുതി രജിസ്റ്ററിലോ അടങ്കല്‍ സെറ്റില്‍മെന്‍റ് രജിസ്റ്ററിലോ തോട്ടഭൂമിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. അതിനാല്‍ തന്നെ ഭൂപരിഷ്കരണ നിയമപ്രകാരം ഇളവു നല്‍കിയ ഭൂമിയുടെ പട്ടിക വില്ലേജുകളില്‍ ഉറപ്പാക്കേണ്ടതും നിയമലംഘനങ്ങള്‍ തടയാന്‍ അനിവാര്യമാണ്.

Follow Us:
Download App:
  • android
  • ios