മഹാപ്രളയത്തിൽ വന്നടിഞ്ഞ ചെളിയും എക്കലും നീക്കം ചെയ്യാനാണ്  ഓപ്പറേഷൻ വാഹിനി എന്ന പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ആ പദ്ധതിയുടെ മറവിൽ പുത്തൻവേലിക്കര തിരുത്തിപ്പുറത്ത് നടന്നത് വൻ മണൽക്കൊള്ളയാണ്.

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ പേരിൽ നടത്തിയത് ചട്ടങ്ങൾ മറികടന്നുള്ള മണൽഖനനം. തിരുത്തിപ്പുറം പുഴയുടെ ചെളിയും എക്കലും നിറഞ്ഞ പ്രദേശം ഒഴിവാക്കി ആഴമേറിയ ഭാഗത്ത് നടന്ന ഖനനമാണ് സംശയങ്ങൾ ഉയർത്തുന്നത്. തദ്ദേശസ്ഥാപനമോ പരിസരവാസികളോ അറിയാതെ ജലസേചനവകുപ്പ് നടത്തിയ മണലെടുക്കൽ പ്രതിഷേധത്തെ തുടർന്ന് ജില്ല കളക്ടർ നിർത്തി വെച്ചു.

പുഴയിൽ നിന്നെടുത്ത മണ്ണ് താഴ്ന്ന പ്രദേശത്ത് നിക്ഷേപിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യ൦. മഹാപ്രളയത്തിൽ വന്നടിഞ്ഞ ചെളിയും എക്കലും നീക്കം ചെയ്യാനാണ് ഓപ്പറേഷൻ വാഹിനി എന്ന പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ആ പദ്ധതിയുടെ മറവിൽ പുത്തൻവേലിക്കര തിരുത്തിപ്പുറത്ത് നടന്നത് വൻ മണൽക്കൊള്ളയാണ്. കേരള നദീതീരസംരക്ഷണ നിയമം മുതൽ മണൽവാരൽ നിയന്ത്രണ ചട്ടങ്ങൾ വരെകാറ്റില്‍ പറത്തിയാണ് മണലെടുപ്പ് നടന്നത്.

സൂക്ഷമ പരിശോധന നടത്തി അനുമതി നൽകേണ്ട മണലെടുപ്പ് ഒരു പദ്ധതിക്ക് കീഴിലെങ്കിൽ ഒന്നും ബാധകമല്ല. ജനവാസ കേന്ദ്രങ്ങളിലെ പ്രളയമുന്നൊരുക്കത്തിന്റെ മറവിലാണ് ഓപ്പറേഷൻ വാഹിനിയുടെ പേരില്‍ പുത്തൻവേലിക്കരയിൽ മണലെടുപ്പ് നടന്നത്. പുത്തൻവേലിക്കര തിരുത്തിപ്പുറത്തു൦ നടന്നത് നിലവിലെ ചട്ടങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബലക്ഷയത്തിന് സാധ്യതയുള്ളതിനാൽ പാലങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മണൽ വാരൽ പാടില്ലെന്ന് സർക്കാർ ഉത്തരവ്. എന്നാൽ തിരുത്തിപ്പുറം പാലത്തിന്‍റെ 100 മീറ്ററിനുള്ളിലാണ് ഡ്രെഡ്‍ജർ ഉപയോഗിച്ചുള്ള മണൽവാരൽ.

മാത്രമല്ല ചെളിയും എക്കലും നീക്കം ചെയ്യാൻ പുത്തൻവേലിക്കര പഞ്ചായത്തിന് നൽകിയ പട്ടികയിൽ തിരുത്തിപ്പുറം പ്രദേശം ഉൾപ്പെടുന്നുമില്ല. എന്നിട്ടും പ്രദേശത്ത് 25 ദിവസം മണലെടുപ്പ് തുടർന്നു. ചെളിയും എക്കലുമല്ല, ലോഡ് കണക്കിന് മണൽ ആണ് വാരിയത്. 4 മീറ്റ‌ർ ആഴത്തിൽ മണലെടുത്തതോടെ പുഴയുടെ അടിത്തട്ടിലുള്ള വലിയ കക്കനിക്ഷേം തെളിഞ്ഞു. ഇത് തുരന്നാൽ തീരമിടിയുമെന്ന നാട്ടുകാരുടെ ആശങ്ക ആരും കേട്ടില്ല. ഒടുവിൽ രണ്ടരകിലോമീറ്റർ അപ്പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മണൽ കൊണ്ട് പോകുന്നത് നാട്ടുകാർ തടഞ്ഞു.

Read More : പ്രളയത്തിന് മറവിലെ മണല്‍ കൊള്ള; ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർ അന്വേഷിക്കും, ഉടന്‍ റിപ്പോർട്ട് നൽകാൻ നിർദേശം

ഇനി ഇതേ പുഴ ഒഴുകുന്ന വെള്ളോട്ടുപുറം ഭാഗത്തേക്ക് ചെന്നാല്‍ മുട്ടറ്റം വെള്ളത്തിലൂടെ നടക്കാൻ കഴിയും. പുഴയുടെ ഈ ആഴം കുറഞ്ഞ ഭാഗത്ത് മറുവശത്ത് മണലെടുത്തോടെ വീണ്ടും ജലനിരപ്പ് താഴ്ന്നു. പ്രദേശത്ത് യാതൊരു പഠനവും നടത്താതെയാണ് ജലസേചനവകുപ്പിന്‍റെ മണലെടുക്കൽ എന്നത് വ്യക്തം. നാട്ടുകാർക്കൊപ്പം മത്സ്യത്തൊഴിലാളികളും പ്രതിഷേധിച്ചതോടെയാണ് മണലെടുപ്പ് ജില്ല കളക്ടർ ഇടപെട്ട് നിർത്തി വെച്ചത്. മണലെടുക്കാനുള്ള നീക്കം തുടർന്നാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരദേശസംരക്ഷണ സമിതിയുടെ തീരുമാനം.

'ഓപ്പറേഷൻ വാഹിനിയുടെ' മറവിൽ ചട്ടങ്ങൾ മറികടന്ന് മണൽഖനനം| Sand Mining