ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് ഇന്‍റലിജൻസ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ബിഎസ്എൻഎല്ലിന് സമാന്തരമായി പ്രവർത്തിക്കുന്ന ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. 

കോഴിക്കോട്: കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. നഗരത്തിലെ ഏഴിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് പിന്നിൽ ബംഗളുരു സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികളാണെന്ന് വ്യക്തമായതായി പൊലീസ്. ബംഗളുരു കേസിലെ മുഖ്യപ്രതിയെ കസ്റ്റഡയിൽ വാങ്ങിയ പൊലീസ് ഇയാളെ കോഴിക്കോടെത്തിച്ച് തെളിവെടുക്കും.

ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് ഇന്‍റലിജൻസ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ബിഎസ്എൻഎല്ലിന് സമാന്തരമായി പ്രവർത്തിക്കുന്ന ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തിൽ നല്ലളം സ്വദേശിയായ ജുറൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളുരുവിലെ സമാന്തര എക്സ്ചേഞ്ചുമായി കോഴിക്കോട് നിന്ന് കണ്ടെത്തിയതിന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി ബംഗളുരുവിലേക്ക് പോയ അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. 

ബംഗളുരു കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലോട്ടിലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ഉടൻ കോഴിക്കോടെത്തിക്കും. ഇയാളുടെ നേതൃത്വത്തിൽ ബംഗളുരുവിൽ ഒൻപത് ഇടങ്ങളിൽ നടത്തിയിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ കഴിഞ്ഞ മാസമാണ് ബംഗളുരു പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സെൽ കണ്ടെത്തിയത്. 

ബംഗളുരുവിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി മിലിറ്ററി ഇന്‍റലിജനസ് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചിന് ബംഗളുരുവിലേതുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കേസിന്‍റെ ഗൗരവം വർധിച്ചതായി അന്വേഷണോദ്യോഗസ്ഥൻ കൂടിയായ ക്രൈം ബ്രാഞ്ച് എസിപി വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona