Asianet News MalayalamAsianet News Malayalam

ഉദ്ഘാടനത്തിന് മുമ്പുള്ള വൈറ്റില മേല്‍പ്പാലം തുറക്കല്‍; നിപുൺ ചെറിയാന് ജാമ്യം

വി ഫോർ കേരള നേതാവായ പ്രതിക്ക് എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം

illegal vyttilla bridge opening case nipun cherian gets bail
Author
Kochi, First Published Jan 13, 2021, 7:20 PM IST

കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ആറാം തീയതി അറസ്റ്റിലായ ഏഴ് പ്രതികളിൽ നിപുൺ ഒഴികെ മറ്റ് ആറ് പേർക്കും നേരത്തെ എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു.

പാലത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പേ ഒന്നാം പ്രതിക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നിപുണിന്‍റെ ജാമ്യാപേക്ഷ അന്ന് തള്ളിയത്. തേവരയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് നിപുൺ ചെറിയാൻ വീണ്ടും മറ്റൊരു കുറ്റം ആവർത്തിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ അന്നത്തെ പ്രധാന വാദം.

കഴിഞ്ഞ ഡിസംബർ 31ന് പാലം തുറന്ന് കൊടുക്കുന്നുവെന്ന ആഹ്വാനം വഴി വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറായ നിപുൺ ചെറിയാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേരാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. പൊതുമുതൽ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഏഴ് പ്രതികൾക്കെതിരെ മരട് പൊലീസ് കേസെടുത്തത്‍.

വൈറ്റില പാലം അനധികൃതമായി തുറന്നതിന് പിന്നില്‍ മാഫിയയാണ് എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അന്ന് പ്രതികരിച്ചത്. പിന്നീട് പാലത്തിന്‍റെ ഉദ്ഘാടന ദിവസം അദ്ദേഹം വി ഫോര്‍ കേരളക്കെതിരെ കൂടുതല്‍ ആഞ്ഞടിച്ചു. ആരോപണം ഉന്നയിക്കുന്നവർ വല്ലവരുടെയും ചെലവിൽ പ്രശസ്തി പിടിച്ചു പറ്റാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. 

വൈറ്റില പാലം തുറക്കാൻ കാലതാമസം ഉണ്ടായില്ല. നിർമാണത്തിന്റെ തുടക്കം മുതൽ ചിലർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. അതിന് ശ്രമിച്ച ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ്‌ ചെയ്യേണ്ടി വന്നു. കൊവിഡിനെയും പ്രളയത്തെയും അതിജീവിച്ചാണ് പണി നടന്നത്. ഗുണപരിശോധന നടത്തിയാണ് പാലം നിർമാണം പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

നാല് പേര് അർധരാത്രി കാണിക്കുന്ന കോമാളികളിയല്ല ഇത്. ഏത് ഗവൺമെന്റിന്റെ കാലത്തായാലും വി ഫോർ കൊച്ചി ചെയ്തത് പോലെ ചെയ്യരുത്. മെട്രോ വരുമ്പോൾ മേൽപ്പാലത്തിൽ തട്ടുമെന്ന് വരെ പറഞ്ഞവരുണ്ട്. അത് പറഞ്ഞവരാണ് കൊഞ്ഞാണൻമാർ. മുഖമില്ലാത്ത ധാർമികയില്ലാത്ത ധൈര്യമില്ലാത്തവരാണവർ. അവരെ അറസ്റ്റ് ചെയ്താൽ ഞങ്ങളല്ല അത് ചെയ്തതെന്ന് പറയും.

കൊച്ചിയിൽ മാത്രമുള്ള പ്രൊഫഷണൽ ക്രിമിനൽ മാഫിയയാണ് അവർ. ജനങ്ങളുടെ തലയ്ക്കുമുകളിലാടെ പറക്കാനാണ് അവരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ ഈ കോലാഹലങ്ങള്‍ക്കെല്ലാം ശേഷം ജനുവരി ഒമ്പതിനാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.

നാട്ടിലെ സ്വപ്നപദ്ധതികൾ പൂർത്തിയാകുന്നതിൽ അഭിമാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത വി 4 കേരളയ്ക്കും അതിനെ അനുകൂലിച്ച ജസ്റ്റിസ് കെമാൽ പാഷയ്ക്കും എതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. കുണ്ടന്നൂർ മേൽപ്പാലം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിപിഎമ്മിനെതിരെ വി ഫോര്‍ കേരള രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ നിർണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിൻറെ ഭാഗമാണ് അറസ്റ്റെന്നായിരുന്നു വി ഫോർ കേരളയുടെ ആരോപണം. ഇതിൻറെ ഉദാഹരമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങൾക്കെതിരെ രംഗത്തെത്തിയതെന്നും ഇവർ പറയുന്നു.

ഉദ്ഘാടനത്തിന് മുൻപെ പാലം തുറന്ന് കൊടുത്തതിന് സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണ ലഭിച്ചതും രാഷ്ട്രീയക്കാരുടെ അതൃപ്തിക്ക് കാരണമായി. കിഴക്കമ്പലത്ത് ട്വൻറി ട്വൻറി നേടിയത് പോലെ കൊച്ചി നഗരസഭയിലും ഭരണത്തിലെത്തുകയായിരുന്നു വി ഫോർ കേരളയുടെ ലക്ഷ്യം. ഇതിന് തടയിടാനാണ് സിപിഎം നീക്കമെന്നും ഇവർ ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios