കൊച്ചി: കൊവിഡ് 19 വൈറസ് ബാധക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തുന്നത് തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ഘടകം ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലൂടെയാണ് കൊവിഡ് വൈറസ് കേരളത്തിലെത്തിയതെന്നും ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ കര്‍ശനമായ നിരീക്ഷണവും പരിശോധനയും നടത്തണമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.  

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഐഎംഎ യുടെ കേരളത്തിലെ 108 ബ്രാഞ്ചുകളും സജീവമായി സഹരിക്കുന്നുണ്ട്. കൊവിഡ് വൈറസ് ബാധ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ എല്ലാവരും പരമാവധി ശ്രദ്ധിക്കണം. ബാറിൽ പോയി മദ്യം കഴിക്കുന്ന രീതി ഒഴിവാക്കണമെന്നും നിര്‍ബന്ധമാണെങ്കില്‍ വീടുകളില്‍ ഇരുന്ന് മദ്യപിക്കാമെന്നും ഐഎഎ അറിയിച്ചു. 

ഏതൊരു പകര്‍ച്ചവ്യാധിയും അപകടകരമായി മാറുന്നത് സാമൂഹിക വ്യാപനം (കമ്മ്യൂണിറ്റി സ്പ്രഡ്)  ആരംഭിക്കുന്നതോടെയാണ്. കേരളത്തിൽ നിലവിൽ രോഗത്തിന്റെ 'സാമൂഹിക വ്യാപനം' തുടങ്ങിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തുമോ എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. കേരളത്തില്‍ സമൂഹികവ്യാപനം ഉണ്ടാവുന്നത് ഏതുവിധേനേയും തടയണം. വെന്‍റിലേറ്ററുകള്‍ ആവശ്യത്തിനില്ലാത്ത സാഹചര്യം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജനങ്ങള്‍ അനാവശ്യമായി ആശുപത്രികൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമില്ലാതെ കുട്ടികളെ ആശുപത്രികളിൽ കൊണ്ടുപോകരുതെന്നും ഐഎംഎ നിര്‍ദേശിച്ചു. രോഗികൾക്ക് ഡിജിറ്റൽ കൺസൾട്ടേഷന് സൗകര്യം ഒരുക്കണം. സാമൂഹിക വ്യാപനം ഒഴിവാക്കാൻ ജനങ്ങൾ പൊതുചടങ്ങുകളിൽ നിന്ന് മാറിനിൽക്കണം. ബാങ്കുകൾ, മാളുകൾ, മെട്രോ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മുൻകരുതൽ ശക്തമാക്കണം. ആളുകൾ തൊടുന്ന വസ്തുക്കൾ നിർബന്ധമായും അണുവിമുക്തമാക്കണം. 

പൊതുസ്ഥലങ്ങള്‍ക്കൊപ്പം തന്നെ ആളുകള്‍ ഒത്തുകൂടുന്ന ദേവാലയങ്ങളിലും അതീവജാഗ്രത വേണമെന്ന് ഐഎഎ നിര്‍ദേശിക്കുന്നു. ദേവാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. പള്ളിയിലെ ഇമാമുകൾ ,പള്ളി ഭാരവാഹികൾ എന്നിവർക്ക് വൃത്തിയായി  സൂക്ഷിക്കാൻ നിർദേശം നൽകും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും ഉത്സവങ്ങളും മറ്റും നീട്ടിവെക്കാൻ നിർദേശം നൽകുമെന്നും ഐഎംഎ അറിയിച്ചു. എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളിലും വിശുദ്ധ കുർബാന മാത്രം നടത്തി മറ്റു ചടങ്ങുകള്‍ ഒഴിവാക്കണമെന്നും ഐഎംഎ അഭ്യര്‍ത്ഥിച്ചു. വിഷയം സങ്കീർണ്ണമാവുകയാണെങ്കിൽ ആരാധനാലയങ്ങള്‍ അടച്ചിടുന്നതടക്കമുള്ള തീരുമാനമെടുക്കേണ്ടി വരുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. 

കൊവിഡ് വൈറസ് ബാധയും രക്തദാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രക്തദാനം തീര്‍ത്തും സുരക്ഷിതമാണെന്നും മറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ഐഎംഎ നിര്‍ദേശിച്ചു. കൊവിഡ് വൈറസിനെതിരെ ഹോമിയോയില്‍ പ്രതിമരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദം തെറ്റാണെന്നും  എന്നിട്ടും ഹൈക്കോടതിയിലടക്കം ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.