Asianet News MalayalamAsianet News Malayalam

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാസ്സാക്കിയതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും.

ima national wide 24 hours doctors strike starts
Author
Delhi, First Published Jul 31, 2019, 5:59 AM IST

ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്‍ പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല. 

മെഡിക്കല്‍ കമ്മീഷൻ ബില്‍ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്‍റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും. ആരോഗ്യമേഖലയിൽ ആര്‍ക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.

എംബിബിഎസിന്‍റെ അവസാന വര്‍ഷ പരീക്ഷ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്‍റെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. നിയമം വന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനില്‍ 90 ശതമാനം പേരും സര്‍ക്കാര്‍ നോമിനികളാകും. ഈ നിബന്ധനകള്‍ക്കെതിരെയാണ് ഐഎംഎ സമരം ശക്തമാക്കിയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios