Asianet News MalayalamAsianet News Malayalam

ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി; കേന്ദ്ര ഉത്തരവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഐഎംഎ

രാജ്യമൊട്ടാകെ ചികിത്സ തന്നെ മുടക്കിയുള്ള ശക്തമായ സമരപരിപാടികള്‍ക്കാണ് ഐഎംഎ ആലോചിക്കുന്നത്.

ima strike against central government move to allow ayurveda doctors to perform surgeries
Author
Thiruvananthapuram, First Published Nov 23, 2020, 6:39 AM IST

തിരുവനന്തപുരം: ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ. നിയമപരമായി നീങ്ങിയാൽ അനുകൂല വിധി ഉണ്ടാകുമെന്നുറപ്പില്ലാത്തതിനാല്‍ സര്‍ക്കാരിനെ പരമാവധി സമ്മര്‍ദപ്പെടുത്തി തീരുമാനം തിരുത്തിക്കാനാണ് നീക്കം. അതേസമയം നിയമപരമായ നീക്കമുണ്ടായാൽ ആയുര്‍വേദ ഡോക്ടര്‍മാരും രംഗത്തെത്തും.

ആയൂര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ശല്യ തന്ത്ര , ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താം. ആയുര്‍വേദത്തിൽ യോഗ്യരുള്ളവരില്ലാത്തതിനാല്‍ മോഡേണ്‍ മെഡിസിൻ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. പ്രസവ ശസ്ത്രക്രിയയില്‍ പരിശീലനം നൽകാനുള്ള നീക്കത്തെ നേരത്തെ തന്നെ ഐഎംഎ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച കേസിപ്പോള്‍ കോടതി പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് നിയമ പരമായ നീക്കം എന്നതിനേക്കാൾ ഐഎംഎ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. രാജ്യമൊട്ടാകെ ചികിത്സ തന്നെ മുടക്കിയുള്ള ശക്തമായ സമരപരിപാടികള്‍ക്കാണ് ആലോചന.

ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ശസ്ത്രക്രിയ സ്പെഷ്യാലിറ്റികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റികളിലും മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ പ്രായോഗിക പരിശീലനം നേടുന്നിടത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ എങ്ങനെ, എത്രകാലം പരിശീലനം നേടുമെന്നതിലടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇവര്‍ ചെയ്യുന്ന ശസ്ത്രക്രിയകളില്‍ പ്രശ്നങ്ങളുണ്ടായാൽ തുടര്‍ ചികിൽസ, രോഗിയുടെ ഉത്തരവാദിത്വം ഇത് സംബന്ധിച്ചും അന്തിമ തീരുമാനമാകണം. ശസ്ത്രക്രിയക്കിടയിലോ ശേഷമോ അത്യാഹിതം സംഭവിച്ചാൽ രോഗിയ്ക്ക് എങ്ങനെ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നതിലും വ്യക്തയില്ല. അതേസമയം എല്ലാവര്‍ക്കും വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് കേന്ദ്ര നിലപാട്. 

Follow Us:
Download App:
  • android
  • ios