തിരുവനന്തപുരം: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നാണ് പിടികൂടിയത്.

ഇമാമിനെ സഹായിച്ച ഫാസില്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. 

ഫാസിലിന്‍റെ വാഹനത്തിലാണ് ഷെഫീഖ് ഖാസിമി സഞ്ചരിച്ചിരുന്നത്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്‍റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്. 

പോക്സോ കേസില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇമാം ഒളിവില്‍ പോയത്. പൊതുജനശ്രദ്ധയ്ക്കായി എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 

എന്നാല്‍ ഇമാം ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിരുന്നില്ല. കേസില്‍ ഷെഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു.