100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് കനത്ത മഴ മൂലം ദീര്‍ഘദൂര തീവണ്ടികൾ മണിക്കൂറുകൾ വൈകി. പുലര്‍ച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2.10-ന് തിരുവനന്തപുരത്ത് എത്തേണ്ട ഈ ജനശതാബ്ദി വൈകിട്ട് 3.30-ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതേയുള്ളൂ. ഇതോടെ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയും മണിക്കൂറുകൾ വൈകാനാണ് സാധ്യത. എറണാകുളം ജംഗ്ഷനിലേക്ക് എത്തേണ്ട മംഗള - നിസ്സാമുദ്ദീൻ എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ സര്‍വ്വീസ് അവസാനിപ്പിക്കും. 

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിൽ വീണ്ടും വെള്ളം കയറി: വഞ്ചിപ്പാട്ടുമായി ജീവനക്കാര്‍

ട്രെയിൻ 16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ്സ് തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും. ട്രെയിൻ 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ്സ് ഇന്ന് എറണാകുളം ജംഗ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൌൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. കോട്ടയം വഴിയുളള ട്രെയിൻ 06768 കൊല്ലം - എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു. 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു. കണ്ണൂരേയ്ക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും. കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.

ആലപ്പുഴ വഴി ഇന്ന് ഡൈ വേർട്ട ചെയ്തിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230.സെക്കന്തരാബദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.