സുവക്കു ശങ്കര്‍ എന്ന  ബ്ലോഗ് വഴി പ്രസിദ്ധനായ എം.ശങ്കറിനെയാണു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശിക്ഷിച്ചത്.

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനെ കോടതി അലക്ഷ്യ കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിച്ചു. സുവക്കു ശങ്കര്‍ എന്ന ബ്ലോഗ് വഴി പ്രസിദ്ധനായ എം.ശങ്കറിനെയാണു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശിക്ഷിച്ചത്. ജഡ്ജിമാര്‍ പണം വാങ്ങിയാണു വിധി പറയുന്നതെന്ന ഒരു അഭിമുഖത്തിലെ പരാമര്‍ശമാണു കേസിന് ആധാരം. 

പരാമര്‍ശം വന്‍ ചര്‍ച്ചയായതിനു പിന്നാലെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി നേരത്തെ ശങ്കർ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് ഇന്നു കോടതി ശിക്ഷ വിധിച്ചത്. ശങ്കറിനു ജയിലില്‍ ഇരുന്നു അപ്പീല്‍ നല്‍കാമെന്ന് വിധിയില്‍ വ്യക്തമാക്കി.

മതപരിവ‍ര്‍ത്തന നിരോധന ബിൽ കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സിലിൽ അവതരിപ്പിച്ചു

ബെംഗളൂരു: കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ചര്‍ച്ച തുടരുകയാണ്. ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 42 അംഗങ്ങളുള്ള ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.