ഹൈക്കമാൻഡിനോട് ഭീഷണി മുഴക്കി കണ്ണൂർ സീറ്റ് ഉറപ്പിച്ചെന്ന് കരുതുന്ന കെ സുധാകരന് സ്വന്തം മണ്ഡലത്തിൽ നിന്ന് തിരിച്ചടി. സുധാകരന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ സ്ഥാനാർഥിത്വത്തിനെതിരെ എതിർപ്പുയർന്നു. ഇതോടെ, അന്തിമ പ്രഖ്യാപനം വൈകുകയാണ്

കണ്ണൂർ: ഹൈക്കമാൻഡിനോട് കലാപക്കൊടി ഉയർത്തി കണ്ണൂർ സീറ്റ് പിടിച്ചുവാങ്ങുമെന്ന നിലയിലെത്തി നിൽക്കുന്ന കെ സുധാകരന് സ്വന്തം തട്ടകത്തിൽ തിരച്ചടി. സുധാകരൻ മത്സരിക്കുന്നതിൽ കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ എതിർപ്പ് ഉയർന്നു. സുധാകരൻ ജയിച്ചാൽ കണ്ണൂർ ലോക്സഭ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നേരിടാൻ പറ്റില്ലെന്നാണ് ഭാരവാഹികളുടെ അഭിപ്രായം. പത്ത് മണ്ഡലം കമ്മിറ്റികളും വിയോജിപ്പ് അറിയിച്ചു. സുധാകരന്‍റെ അനാരോഗ്യം കൂടി കണക്കിലെടുക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. അതേസമയം കണ്ണൂർ സീറ്റ് സുധാകരന് നൽകുമെന്നാണ് ധാരണയെങ്കിലും അന്തിമ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എം പിമാർക്ക് സീറ്റ് നൽകില്ലെന്ന് ചൂണ്ടിക്കാട്ടി സുധാകരന്‍റെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് ആദ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചിരുന്നു. നേതാക്കളെ ഫോൺ വിളിച്ച് 'ഗുഡ് ബൈ' പറഞ്ഞ സുധാകരൻ, താനടക്കം 15 പേർ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചതോടെയാണ് ഹൈക്കമാൻഡ് മുട്ടുമടക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

നിർണായകമായ 'ഗുഡ് ബൈ' ഭീഷണി

പാർട്ടി വിടും എന്ന സുധാകരന്‍റെ ഭീഷണി എത്തിയതോടെ ഹൈക്കമാൻഡ് പതറുകയായിരുന്നു. നേതാക്കളെ വിളിച്ച് സുധാകരൻ 'ഗു‍ഡ് ബൈ' പറഞ്ഞതോടെ പാർട്ടി അടിമുടി ആശങ്കയിലായി. താനടക്കം 15 പേർ മത്സരിക്കുമെന്ന ഭീഷണിയും മുഴക്കിയതോടെ പൊട്ടിത്തെറി രൂക്ഷമാകുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞു. സുധാകരന്‍റെ 'ഗുഡ‍് ബൈ'ക്ക് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി എ കെ ആന്‍റണിയും നിർണായക ഇടപെടലുമായി രംഗത്തെത്തിയതോടെയാണ് കോൺഗ്രസിലെ പൊട്ടിത്തെറി നീങ്ങിയത്. ആന്‍റണിയെ കളത്തിലിറക്കിയ ചെന്നിത്തല, സുധാകരൻ ഈ ഘട്ടത്തിൽ പാർട്ടി വിടുന്നത് തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തി. ഇതോടെയാണ് എ കെ ആന്‍റണി നേരിട്ട് ഇടപെട്ടത്. സുധാകരനുമായി നേരിട്ട് ബന്ധപ്പെട്ട ആന്‍റണി, മൂന്നാം പിണറായി സർക്കാർ വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നടക്കം ആവശ്യപ്പെട്ടു. സീറ്റിന്‍റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കമെന്നും ആന്‍റണിയും ചെന്നിത്തലും ഉറപ്പ് നൽകിയതോടെയാണ് സുധാകരൻ വാർത്താസമ്മേളനം ഒഴിവാക്കി പാർട്ടിക്ക് ആശ്വാസത്തിന്‍റെ മണിക്കൂറുകൾ സമ്മാനിച്ചത്. ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ചെന്ന ഹീറോ പരിവേഷത്തോടെയാകും അണികളുടെ 'കെ എസ്' മത്സര രംഗത്തേക്കെത്തുന്നത്. അന്തിമ തീരുമാനം വന്നാലുടൻ കണ്ണൂരിൽ വലിയ ആഘോഷത്തിനാണ് അണികളുടെ തീരുമാനം. ദില്ലിയിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങുമ്പോൾ സുധാകരന് വമ്പൻ സ്വീകരണം ഒരുക്കാനായി പ്രവർത്തകർ കാത്തിരിക്കുകയാണ്. എയർപോർട്ട് മുതൽ റോഡ് ഷോ നടത്തിയാകും സുധാകരൻ കണ്ണൂർ ഡി സി സിയിലും മണ്ഡലത്തിലുമെത്തുക.