വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.
കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാര്‍ സഹയാത്രികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്.
ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി ജി മോഹൻ ദാസ് നടത്തിയത് ഹീനമായ പരാമർശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.
