കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

കോഴിക്കോട്: കോടഞ്ചേരിയിൽ ആശുപത്രിയിൽ വെച്ച് ഡോക്ടറെ ആക്രമിച്ച ആൾക്കെതിരെ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, കയ്യേറ്റം ചെയ്യൽ,അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡോക്ടർ സുസ്മിത്തിനെയാണ് ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രോ​ഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറ‍ഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പുറത്താക്കി. പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ പിന്നീട് ഡോക്ടര്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.