കൊച്ചി: സംരംഭകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അഖോരി അഭയ് ശങ്കര്‍. ഇത്തവണത്തെ ബജറ്റില്‍ സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും നികുതിയിളവുകളുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ നികുതി ഇളവ് ഏഴ് വര്‍ഷമെന്നത് 10 വര്‍ഷമാക്കി വര്‍ധിപ്പിച്ചു.

ഇത് ആത്മവിശ്വാസത്തോടെ സംരംഭകത്വ പാതയിലേക്ക് കൂടുതല്‍ ആളുകളെത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററില്‍ നടന്ന കേന്ദ്ര ബജറ്റ് 2020 അവലോകന സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണത്തെ ബജറ്റിലെ ടാക്‌സ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിദേശ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. കിഴിവുകളും ഇളവുകളും ഇല്ലാതെ നികുതി ഏര്‍പ്പെടുത്തുന്ന ഒരു സംവിധാനത്തിലേക്കുള്ള ചുവടുവയ്പാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് നിര്‍ദേശങ്ങള്‍. ഇതു വരുംകാലങ്ങളില്‍ നികുതി സംബന്ധിച്ചു തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുമെന്നും അഖോരി അഭയ് ശങ്കര്‍ പറഞ്ഞു.

ജിതിന്‍ എ. ക്രിസ്റ്റഫര്‍, വേണുഗോപാല്‍ സി. ഗോവിന്ദ്, ജോമോന്‍ കെ. ജോര്‍ജ് എന്നിവര്‍ ബജറ്റിലെ നികുതി നിര്‍ദേശങ്ങളെക്കുറിച്ചു വിശകലനം ചെയ്തു. ഐസിഎഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ പി.ആര്‍.ശ്രീനിവാസന്‍, സെക്രട്ടറി രഞ്ജിത്ത് ആര്‍.വാരിയര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെമിനാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാന്നൂറിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പങ്കെടുത്തു.