Asianet News MalayalamAsianet News Malayalam

കമറുദ്ദീനെതിരെ നികുതി തട്ടിപ്പും; 1.41 കോടി വെട്ടിച്ചെന്ന് ജിഎസ്‍ടി ഇന്‍റലിജന്‍സ്

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ കാസർകോട് കമർ ഫാഷൻ ഗോൾ‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. 

income tax return scam against  m c Kamaruddin
Author
Kasaragod, First Published Sep 19, 2020, 8:43 AM IST

കാസര്‍കോട്: എംസി കമറുദ്ദീൻ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പുകൾക്ക് പുറമേ നികുതി വെട്ടിപ്പും. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം  ഫാഷൻഗോൾഡ് ജ്വല്ലറി ശാഖകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജിഎസ്ടി  വകുപ്പ് ചുമത്തിയ  തുക ഇതുവരെയും അടച്ചിട്ടില്ല.

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ കാസർകോട് കമർ ഫാഷൻ ഗോൾ‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടർന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസർകോട് ജ്വല്ലറി ശാഖയിൽ വേണ്ട 46 കിലോ സ്വർണവും ചെറുവത്തൂരിലെ ജ്വല്ലറിയിൽ ഉണ്ടാകേണ്ട 34 കിലോ സ്വർണവും കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. 

നിക്ഷേപകർ പിൻവലിച്ചു എന്നാണ് ജ്വല്ലറി അധികൃതർ നൽകിയ വിശദീകരണം. എന്നാൽ ഇത് സംബന്ധിച്ച് രേഖകളൊന്നും ഉണ്ടായിരുന്നില്ല.  ഇത്തരം ഇടപാടുകൾ നിയമവിരുദ്ധമാണെന്നും നികുതി വെട്ടിപ്പാണെന്നും കണ്ടെത്തിയ ജിഎസ്ടി വകുപ്പ് നികുതിയും പിഴയും പലിശയുമടക്കം 2020 ഓഗ്സ്റ്റ് 30 നകം അടക്കേണ്ട തുക വ്യക്തമാക്കി നോട്ടീസ് നൽകി. കാസർകോട്ടെ ജ്വല്ലറി 8482744 രൂപയും ചെറുവത്തൂരിലെ ജ്വല്ലറി 543087 രൂപയുമാണ് അടക്കേണ്ടിയിരുന്നത്. 

എന്നാൽ ഈ തുക അടയ്ക്കാത്തതിനെ തുടർന്ന് നികുതിയുടെ അൻപത് ശതമാനം കൂടി കൂട്ടിചേർത്ത് തുക പുതുക്കി നിശ്ചയിച്ച് നൽകാന്‍ ഒരുങ്ങുകയാണ് അധികൃ‍തർ. അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. പരാതിക്കാരായ അഞ്ച് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഇന്ന് കൂടുതൽ നിക്ഷേപകരുടെ മൊഴിയെടുക്കും. അതിനിടെ നിക്ഷേപമായി വാങ്ങിയ 28 പവൻ സ്വർണം തട്ടിയെന്ന വലിയപറമ്പ്  സ്വദേശിയുടെ പരാതിയിൽ  എംഎൽഎക്കെതിരെ ഒരു വഞ്ചന കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ എം എൽ എ ക്കെതിരെ 54 വഞ്ചന കേസുകളായി. 

Follow Us:
Download App:
  • android
  • ios