Asianet News MalayalamAsianet News Malayalam

K Rail : നഷ്ടപരിഹാരം സംബന്ധിച്ച പൊരുത്തക്കേടുകള്‍ വെളിച്ചത്ത്; സർക്കാർ വാദം തള്ളി കെ റെയിൽ എംഡിയുടെ ശബ്ദരേഖ

ഗ്രാമങ്ങളിൽ നാലിരട്ടിവരെ വില കിട്ടുമെന്ന സർക്കാർ വാദം തള്ളുന്നതാണ് ശബ്ദരേഖ. നാലിരട്ടി വില കിട്ടില്ലെന്ന വാർത്തകൾക്കു പിന്നാലെയാണ് കെ റെയിൽ എം ഡി അജിത് കുമാറും ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

inconsistencies regarding k rail compensation are coming to light
Author
Thiruvananthapuram, First Published Jan 8, 2022, 7:36 AM IST

തിരുവനന്തപുരം: കെ റെയിൽ നഷ്ടപരിഹാരം (K Rail Compensation)  സംബന്ധിച്ച പൊരുത്തക്കേടുകള്‍ മറനീക്കി പുറത്തുവരുന്നു. കെ റെയിൽ എംഡിയുടെ ( K Rail MD) ശബ്ദരേഖ പ്രചരിക്കുന്നതിലാണ് ഇക്കാര്യമുള്ളത്. ഗ്രാമങ്ങളിൽ നാലിരട്ടിവരെ വില കിട്ടുമെന്ന സർക്കാർ വാദം തള്ളുന്നതാണ് ശബ്ദരേഖ. നാലിരട്ടി വില കിട്ടില്ലെന്ന വാർത്തകൾക്കു പിന്നാലെയാണ് കെ റെയിൽ എം ഡി അജിത് കുമാറും ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

കെ.റെയിൽ നഷ്ടബാധിതർക്ക് വമ്പൻ പാക്കേജെന്നാണ് രാഷ്ട്രീയ പ്രചരണം. എന്നാൽ 2013ലെ ഭൂമി ഏറ്റെടുക്കൽ വ്യവസ്ഥ പ്രകാരം മാത്രമേ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ആകൂ. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസടക്കം പുറത്തുവിട്ടിരുന്നു. ഗ്രാമങ്ങളിൽ നാലിരട്ടിവരെ നഷ്ടപരിഹാരം ലഭിക്കുമെന്ന വാദവും തെറ്റാണെന്ന് ഇതോടെ തെളിയുകയാണ്. ദേശീയ സാഹചര്യം പരിഗണിക്കുമ്പോള്‍ കേരളത്തിൻെറ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ ഗ്രാമ-നഗരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറവാണ്. ഇത് സ്ഥിരീകരിച്ചാണ് കെ റെയിൽ എംഡിയുടെ ശബ്ദരേഖ. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഒരാളുമായാണ് എംഡി സംസാരിക്കുന്നത്. ശബ്ദം തൻെറതാണെന്ന് സ്ഥിരീകരിച്ച കെ.റെയിൽ എംഡി നിയമപരമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതോടെ നഗരത്തിൽ നിന്നും 50 കിലോ മീറ്റർ അപ്പുറമുള്ള പദ്ധതി പ്രദേശങ്ങളിൽ മാത്രമാകും നാലിരട്ടി വിലകിട്ടുകയെന്ന് വ്യക്തമാകുന്നു. നഗങ്ങളിൽ നിലവിൽ കണക്കാക്കിയ വിലയുടെ ഇരട്ടികൂടി ലഭിക്കും. മറ്റ് ഗ്രാമപ്രദേശങ്ങളിൽ 2013ലെ ഭൂമി ഏറ്റെടുക്കലിലെ വ്യവസ്ഥകൾ പ്രകാരമേ ഭൂ ഉടമകള്‍ക്ക് പണം ലഭിക്കൂ. സാമൂഹിക ആഘാത പഠനം നടത്തിയ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയ ശേഷമേ റവന്യൂവകുപ്പ് നഷ്ടപരിഹാരം സംബന്ധിച്ച അന്തിമ കണക്കൂകളിലേക്കു കടക്കുക. 

അതേ സമയം കെ- റെയിലിനെതിരകായ സമരം സമരസമിതി ശക്തമാക്കുകയാണ്. മേധാപട്കർ ഉൾപ്പടെയുള്ള ദേശീയ നേതാക്കള്‍ സമരത്തിൻെറ ഭാഗമാവും. ഈ മാസം 26 മുതൽ അടുത്ത മാസം 21വരെ കെ.റെയിൽ വിരുദ്ധ സമതി കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സമര ജാഥ സംഘടിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios