ഇടുക്കി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് മൂന്നാറിലെത്തിയ മൂന്ന് പേരെ നിരീക്ഷണത്തിലാക്കി. പച്ചക്കറി വണ്ടിയെന്ന സ്റ്റിക്കർ പതിച്ച മിനിലോറിയിലും വനപാതയിലൂടെയുമാണ് ഇവർ അതിർത്തി കടന്ന് മൂന്നാറിലെത്തിയത്. നിയമലംഘനം വ്യാപകമായതോടെ മൂന്നാറിലെ ലോക്ക് ഡൗൺ ഇളവ് ആഴ്ചയിൽ നാല് ദിവസത്തേക്കാക്കി ചുരുക്കി.

തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള രണ്ട് പേരാണ് മിനിലോറിയിൽ മൂന്നാറിലെത്തിയത്. പച്ചക്കറി വണ്ടിയെന്ന വ്യാജേന അതിർത്തി കടന്ന ലോറിയിൽ കോഴിമുട്ടയും തേങ്ങയുമാണ് ഉണ്ടായിരുന്നത്. വിവരങ്ങൾ ആരാഞ്ഞപ്പോൾ മൂന്നാറിലെ വ്യാപാരി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സാധനങ്ങൾ എത്തിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ഇരുവരെയും മൂന്നാറിലെ ശിക്ഷക് സദനിൽ നിരീക്ഷണത്തിലാക്കി. വട്ടവടയിൽ വനപാതയിലൂടെ അതിർത്തി കടന്നെത്തിയ യുവാവിനെയും നിരീക്ഷണത്തിലേക്ക് മാറ്റി. 

സമ്പൂർണ അടച്ചിടലിലും നിയമലംഘനം വ്യാപകമായതോടെ ഇടുക്കി ജില്ല പച്ച സോണിലായിട്ടും മൂന്നാർ പഞ്ചായത്തിൽ മാത്രം ലോക്ക് ഡൗൺ ഇളവ് ആഴ്ചയിൽ നാല് ദിവസമാക്കി ചുരുക്കി. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് മൂന്നാറിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുക. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കും. മാർക്കറ്റിൽ തിരക്ക് കുറയ്ക്കാൻ മൂന്നാറിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് വ്യത്യസ്ത സമയങ്ങളിലായിരിക്കും പ്രവേശനം. ഇതിനായി പാസ് നൽകുമെന്നും അടുത്ത ഒരു മാസത്തേക്ക് മുഖാവരണം നിർബന്ധമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.