ജില്ലാ പഞ്ചായത്  പ്രസിഡന്‍റ് വിഎസ് പ്രിന്‍സ് അധ്യക്ഷനായാണ് യോഗം ചേര്‍ന്നത്.

തൃശൂർ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടിവരുന്നതായി ജില്ലാ സര്‍വെയലൻസ് ഓഫീസര്‍ ഡോ. കെഎന്‍ സതീശ് പറഞ്ഞു. മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കന്‍ പോക്‌സ് എന്നീ പകര്‍ച്ചവ്യാധികളാണ് കൂടി വരുന്നത്. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആറ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2025 ല്‍ ഇത് 13 കേസുകളാണ്. 2024 ല്‍ ഇതേ സമയം 24 എലിപ്പനി കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2025 ൽ ഇത് 20 കേസുകളും അഞ്ച് മരണങ്ങളുമാണ്. 2024 ൽ ഇതേ കാലയളവില്‍ 545 ചിക്കന്‍ പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഇത് 700 കേസുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1061 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇത് 1308 ആണെന്ന് ഡോ. സതീശ് പറഞ്ഞു. 
ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പൊതുജനാരോഗ്യ ബോധവത്കരണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍. 

ജില്ലാ പഞ്ചായത് പ്രസിഡന്‍റ് വിഎസ് പ്രിന്‍സ് അധ്യക്ഷനായിരുന്ന യോഗത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തരമായി പൊതുജനാരോഗ്യ സമിതിയുടെ യോഗം ചേരണമെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുളള റോഡ് റിസ്റ്റോറേഷന്‍ ഏറ്റെടുത്തു നടത്താന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ ഫെബ്രുവരി 15 നകം പട്ടിക നല്‍കാന്‍ യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയിലെ വിവിധ ഭേദഗതികള്‍ക്കും, ഹെല്‍ത്ത് ഗ്രാന്‍റ് ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി. 
യോഗത്തില്‍ ജില്ലാ ആസൂത്രണ ഓഫീസര്‍ ടി ആര്‍ മായ, ഗ്രാമപഞ്ചായത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Read More:എക്സറേ യന്ത്രങ്ങള്‍ തകരാറില്‍; തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ വലയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം