തിരുവനന്തപുരം കോർപ്പറേഷനിൽ 100-ൽ 50 സീറ്റുകൾ നേടി എൻഡിഎ ഭരണം ഉറപ്പിച്ചു. എന്നാൽ ദേശീയ തലത്തിലെ ഇൻഡ്യ മുന്നണി സഖ്യകക്ഷികളായ എൽഡിഎഫും യുഡിഎഫും (മൊത്തം 48 സീറ്റുകൾ) ഒന്നിച്ചുനിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമോ?
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയത് എൽഡിഎഫാണ്. ബിജെപി വൻ കുതിപ്പ് നടത്തിയപ്പോൾ യു.ഡി.എഫിനും സമാനമായ നിലയിൽ മുന്നേറ്റം നടത്താനായി. ആകെയുള്ള 101 ഡിവിഷനുകളിൽ 100 ഡിവിഷനുകളിൽ നടന്ന വോട്ടെടുപ്പിൽ 50 സീറ്റ് നേടിയ എൻഡിഎ അധികാരം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് കോൺഗ്രസും സി.പി.എമ്മും. എൽഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളും സമാനമായ നിലപാടുള്ളവരാണ്. അതിനാൽ തന്നെ നഗരസഭ ഭരണം വാശിയോടെ ഇൻഡ്യ മുന്നണി പിടിക്കുമോയെന്ന ചോദ്യങ്ങൾ പല കോണിൽ നിന്ന് ഉയരുന്നുണ്ട്.
നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബി.ജെ.പിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യു.ഡി.എഫ് 19 സീറ്റിലും വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. ഇതാണ് ഇൻഡ്യ മുന്നണി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമോയെന്ന ചോദ്യം ഉയരാൻ കാരണം. ഇൻഡ്യ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇത്തരമൊരു നീക്കത്തിന് കോൺഗ്രസും സി.പി.എമ്മും തയ്യാറാകുമോയെന്നതാണ് ചോദ്യം. സംസ്ഥാനത്തെ പ്രധാന മുന്നണികളായ എൽഡിഎഫും യു.ഡി.എഫും ബിജെപിക്കെതിരെ കൈകോർക്കാനുള്ള സാധ്യതകൾ വിരളമാണ്. സംസ്ഥാനത്തെ ഇടത് സർക്കാരിന് ബി.ജെ.പിയുമായി അന്തർധാരയുണ്ടെന്നാണ് യുഡിഎഫിൻ്റെ പ്രധാന വിമർശനം. കരുവന്നൂർ, ശബരിമല, കുഴൽപ്പണം, സ്വർണക്കടത്ത്, ലാവ്‌ലിൻ കേസ് തുടങ്ങി നിരവധി വിഷയങ്ങൾ ഇതിന് തെളിവായി പലപ്പോഴായി യുഡിഎഫ് നേതാക്കൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. സിജെപി എന്നാണ് ഈ കൂട്ടുകെട്ടിനെ പരിഹസിച്ച് യു.ഡി.എഫ് നേതാക്കൾ വിളിക്കുന്നതും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്നാണ് പതിവായി സിപിഎം തിരിച്ച് ഉയർത്തുന്ന പരിഹാസം.
ഇൻഡ്യ സഖ്യത്തിലേക്ക് ചർച്ചകൾ നീങ്ങിയാലും ഇടതുപക്ഷത്തിൻ്റെ മേയറെ യു.ഡി.എഫ് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. തിരിച്ച് യുഡിഎഫിൻ്റെ മേയറെ എൽഡിഎഫ് അംഗങ്ങളും അംഗീകരിച്ചേക്കില്ല. അങ്ങനെ വരുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി ജയിച്ച പാറ്റൂർ രാധാകൃഷ്ണനും കോൺഗ്രസ് വിമതൻ സുധീഷ് കുമാറിനും മൂല്യമേറും. എന്നാൽ ഇവരെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങൾ ഇപ്പോൾ തന്നെ ബിജെപി ക്യാംപിൽ ഉരുത്തിരിയുമെന്നതിനാൽ ഭരണ അട്ടിമറിക്കുള്ള സാധ്യത വളരെ കുറവാണെന്ന് വിലയിരുത്തേണ്ടി വരും.


