ലോകമെങ്ങും കുട്ടികളുടെ ദിനം നവംബർ 20 എങ്കിൽ ഇന്ത്യയിൽ അത് ആറു ദിവസം നേരത്തെയാണ്. കാലത്തിനും നേരത്തെ നടന്ന നെഹ്‌റുവിന്റെ നെഞ്ചിലെ പനിനീർപ്പൂവ് ഓരോ കുരുന്നിനെയും അണിയിച്ച് രാജ്യം ഈ ദിനം ആഘോഷിക്കുന്നു.

ദില്ലി: പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ ഇന്ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. രാജ്യമെങ്ങും വർണാഭമായ പരിപാടികൾ നടക്കുമ്പോഴും എല്ലാ ആഘോഷങ്ങൾക്കും പുറത്തുനിൽക്കുന്ന കുഞ്ഞുങ്ങളെ ഓർക്കാൻ കൂടിയുള്ളതാണ് ഈ ദിനം.

ജീവിച്ചിരുന്നിരുന്നുവെങ്കിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന് ഇന്ന് 133 വയസ്. നാളെ ജീവനുള്ള ഇന്ത്യ വേണമെങ്കിൽ ഇന്ന് ഇന്ന് നാം കുഞ്ഞുങ്ങൾക്ക് നല്ല ബാല്യം നല്കണമെന്ന് പറഞ്ഞ നെഹ്രുവിന്റെ ജന്മദിനമാണ് രാജ്യത്തിന് ശിശുദിനം. ലോകമെങ്ങും കുട്ടികളുടെ ദിനം നവംബർ 20 എങ്കിൽ ഇന്ത്യയിൽ അത് ആറു ദിവസം നേരത്തെയാണ്. കാലത്തിനും നേരത്തെ നടന്ന നെഹ്‌റുവിന്റെ നെഞ്ചിലെ പനിനീർപ്പൂവ് ഓരോ കുരുന്നിനെയും അണിയിച്ച് രാജ്യം ഈ ദിനം ആഘോഷിക്കുന്നു. 

സ്‌കൂളുകളും നിരത്തുകളും കൊച്ചു ചാച്ചാജിമാരാൽ നിറയുന്ന ദിവസം. ഈ വർഷവും പതിവു പോലെ രാജ്യമെങ്ങുമുണ്ട് റാലികൾ, മത്സരങ്ങൾ, ഔപചാരിക ആഘോഷങ്ങൾ. പക്ഷെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചം വർഷത്തിലും ആഘോഷങ്ങൾക്ക് പുറത്തുനിൽക്കുന്ന കുഞ്ഞുങ്ങളെ ഓർക്കാൻ കൂടിയുള്ളതാണ് ഈ ദിനം.

ബാലവേല നിരോധിക്കപ്പെട്ട നമ്മുടെ രാജ്യത്ത് 14 വയസിനു താഴെയുള്ള ഒരു കോടിയിലേറെ കുഞ്ഞുങ്ങൾ എങ്കിലും വിശപ്പകറ്റാൻ ജോലി ചെയ്യുന്നു. ഇതിൽ പതിനഞ്ചു ലക്ഷം കുഞ്ഞുങ്ങൾ അപായകരമായ തൊഴിലുകളിൽ ആണെന്ന് കണക്കുകൾ. ഓരോ വർഷവും നാല്പതിനായിരം കുട്ടികൾ എങ്കിലും ജനിച്ച നാടുകളിൽ നിന്ന് കടത്തപ്പെടുന്നുവെന്നണ് കണക്ക്. നിർബന്ധിത തൊഴിൽ മുതൽ ലൈംഗിക ദുരുപയോഗത്തിനുവരെയായി കച്ചവടം ചെയ്യപ്പെടുന്ന കുഞ്ഞുങ്ങൾ. 

ഏഴര പതിറ്റാണ്ടിൽ രാജ്യം ചെലവിട്ട കോടികളും ആവിഷ്ക്കരിച്ച എണ്ണമറ്റ പദ്ധതികളും പൂർണ്ണാർത്ഥത്തിൽ നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളിലേക്ക് എത്തിയിട്ടില്ല. മുതിർന്നവർക്ക് ഒപ്പമിരിക്കാൻ എനിക്ക് പലപ്പോഴും സമയം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ , കുഞ്ഞുങ്ങൾക്ക് ഒപ്പം ഞാൻ സമയം കണ്ടെത്തി ഇരിക്കാറുണ്ട് എന്ന് നെഹ്‌റു എഴുതിയിട്ടുണ്ട്. കുഞ്ഞുങ്ങളെ അവർക്കൊപ്പമിരുന്ന് ഏറെ കേൾക്കേണ്ട ഒരു സങ്കീർണ്ണ കാലമാണിതെന്നുകൂടി ഓർമിപ്പിക്കുന്നു ഈ ശിശുദിനം. എല്ലാ കുട്ടികൾക്കും മനസ്സിൽ കുട്ടിത്തമുള്ളവർക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ശിശുദിനാശംസകൾ