ദില്ലി: യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുള്ള ഇന്ത്യ ചൈന സംയുക്ത പിന്മാറ്റത്തിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. പാംഗോങ്ങ് തീരത്ത് നിന്നുള്ള ചൈനയുടെ പിന്മാറ്റം മുമ്പോട്ടുള്ള നടപടികളിൽ സഹായകമാകുമെന്നും തുട‌ർ പിന്മാറ്റത്തിൽ ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

രണ്ട് പക്ഷവും സീനയ‌‍‌ർ കമാണ്ട‌ർതല ച‌ർച്ചയിൽ വിശദമായ സംവാദം നടത്തിയെന്നും നിലവിലെ സാഹചര്യം നീണ്ട് പോകുന്നത് രണ്ട് കൂട്ട‌ർക്കും താൽപര്യമുള്ള കാര്യമല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാ​ഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യിയും കഴിഞ്ഞമാസം വിഷയങ്ങൾ ടെലിഫോണിലൂടെ ച‌ർച്ച ചെയ്തതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ട് മന്ത്രിമാരും ച‌ർച്ചകൾ തുടരാൻ ധാരണയിലെത്തുകയും ഹോട്ട് ലൈൻ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.