പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിച്ചത് അഴിമതിയും തട്ടിപ്പുമാണെന്നും രാഹുൽ ഗാന്ധി ചൈനയുടെ വക്താവായി മാറിയെന്നും ബിജെപിയുടെ മുതിർന്ന നേതാവായ രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
ദില്ലി: 'ഇന്ത്യ' മുന്നണിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. 'ഇന്ത്യ' മുന്നണിക്ക് മൂന്നാം തവണ യോഗം ചേരുമ്പോഴും ഒരു കാഴ്ചപ്പാടുമില്ലെന്നും അഴിമതിയും തട്ടിപ്പുമാണ് നേതാക്കളെ ഒന്നിപ്പിച്ചതെന്നും ബിജെപിയുടെ മുതിർന്ന നേതാവായ രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവ് നിലവിൽ ജാമ്യത്തിലാണെന്നും രാഹുൽ ഗാന്ധി ചൈനയുടെ വക്താവായി മാറിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ദാരിദ്യം നീക്കാനോ, കർഷകർക്കും സ്ത്രീകൾക്കും വേണ്ടി ഒരു പദ്ധതി പോലും രൂപീകരിക്കാനോ 'ഇന്ത്യ' മുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം മുംബൈയിൽ ഇന്ന് ചേർന്ന 'ഇന്ത്യ' മുന്നണിയുടെ യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്നിടത്തോളം സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാൻ ധാരണയായിട്ടുണ്ട്. മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളടക്കം ഉടൻ പൂർത്തിയാക്കുമെന്നും 'ഇന്ത്യ' മുന്നണി അറിയിച്ചു.
'ഇന്ത്യ' മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന സമിതിയെയും നിയോഗിച്ചു. നിലവിൽ ഏകോപന സമിതിക്ക് കൺവീനർ ഇല്ല. ഭാരതത്തെ ഒന്നിപ്പിക്കും, ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് മുന്നണി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. 14 അംഗ ഏകോപന സമിതിയിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരുമില്ല. കെസി വേണുഗോപാലാണ് കോൺഗ്രസ് പ്രതിനിധി. ശരദ് പവാർ , സഞ്ജയ് റാവത്ത് , തേജസ്വി യാദവ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പലരും പട്ടികയിൽ ഉണ്ട്. സിപിഐയിൽ നിന്ന് ഡി രാജ അംഗമാണ്. സിപിഎമ്മിൽ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് തീരുമാനിക്കും.
Read More: ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹമുണ്ട്: പി കെ കുഞ്ഞാലിക്കുട്ടി
കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഏകോപന സമിതിയിലില്ല. മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികൾ കൂടി രൂപീകരിച്ചു. പ്രചാരണ കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി, എൻകെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജി ദേവരാജൻ എന്നിവരുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി റാലികൾ നടത്താനും യോഗം തീരുമാനിച്ചു.
