ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത സഹായ മെത്രാൻമാരെ പുറത്താക്കുകയും അധികാരം പൂർണ്ണമായും മാർ ജോർജ്ജ് ആലഞ്ചേരി ഏറ്റെടുക്കുകയും ചെയ്തതിന് പിറകെയാണ് വൈദികർക്കിടയിൽ പ്രതിഷേധം ശക്തമായത്.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ യോഗം ചേർന്ന സംഭവത്തിൽ അച്ചടക്ക നടപടി വേണമെന്ന് ആവശ്യം. കര്‍ദ്ദിനാള്‍ അനുകൂല അല്‍മായ സംഘടന ഇന്ത്യന്‍ കത്തോലിക്ക ഫോറം ആണ് പരാതി നല്‍കിയത്. വിമത വൈദികർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനും നുണ്‍ഷ്യോയ്ക്കുമാണ് ഇന്ത്യന്‍ കത്തോലിക്ക ഫോറം പരാതി നല്‍കിയത്.

ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത സഹായ മെത്രാൻമാരെ പുറത്താക്കുകയും അധികാരം പൂർണ്ണമായും മാർ ജോർജ്ജ് ആലഞ്ചേരി ഏറ്റെടുക്കുകയും ചെയ്തതിന് പിറകെയാണ് വൈദികർക്കിടയിൽ പ്രതിഷേധം ശക്തമായത്. നടപടി പിൻവലിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. വത്തിക്കാന്‍റെ തീരുമാനം രാത്രി നടപ്പാക്കിയ കർദിനാളിന്‍റെ നടപടി അപഹാസ്യമാണ്. ഭൂമി വിവാദത്തിൽ മാർ ജോർജ്ജ് ആല‌ഞ്ചേരി അഗ്നിശുദ്ധിവരുത്തണമെന്നും അതുവരെ നിസ്സഹകരണ തുടരാനും വൈദിക യോഗം തീരുമാനിച്ചിരുന്നു. 

വൈദികർ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിറകെ സഭയിൽ സമാധാനം വേണെമെന്ന ആഹ്വാനവുമായി കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രംഗത്തെത്തിയിരുന്നു. സഭാംഗങ്ങൾ ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകണമെന്നാണ് വത്തിക്കാനും താനും ആഗ്രഹിക്കുന്നതെന്നും കർദ്ദിനാൾ ആലഞ്ചേരി പറഞ്ഞു.