കൊച്ചി: കേരള വിഭവങ്ങള്‍ റെയില്‍വെ മെനുവില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ച ഇന്ത്യന്‍ റെയില്‍വെ പഴംപൊരിയും പൊറോട്ടയും മാത്രമല്ല, മലയാളികളുടെ പ്രിയപ്പെട്ട ഒരു വിഭവം കൂടി ബോണസായി നല്‍കിയിട്ടുണ്ട് മെനുവില്‍. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും നേരത്തെ പുതുക്കിയ മെനുവില്‍ ഇല്ലായിരുന്നു.

മലയാളി യാത്രികര്‍ ഇതിനെതിരെ രംഗത്തെത്തുകയും എംപി ഹൈബി ഈഡന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതുക കൂടു ചെയ്തതോടെയാണ് തീരുമാനം പിന്‍വലിച്ചത്. നേരത്തെയുണ്ടായിരുന്ന ആഹാരങ്ങള്‍ നിലനിര്‍ത്തിയതിന് പുറമെ മീന്‍ കറി കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കരണവും വന്നത്. ഉത്തരേന്ത്യന്‍ ഭക്ഷണശീലം മലയാളികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം റെയില്‍വേ മാറ്റിയത്.

അതേസമയം, ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകളും തോന്നിയപോലെ കൂട്ടിയിരിക്കുകയാണ്. ഊണിന്റെ വില 35 രൂപയിൽ നിന്ന്  70 രൂപയാക്കി കുത്തനെ വര്‍ധിപ്പിച്ചു.എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും ഇനി 15 രൂപ നൽകണം. 2 വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 

മാത്രമല്ല ബ്രേക്കഫാസ്റ്റ് ഭക്ഷണമായ രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജിലുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങേണ്ടിവരുും. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.കേട്ടുകേള്‍വിയില്ലാത്ത പാക്കേജുകളിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വലിയ വിലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.