Asianet News MalayalamAsianet News Malayalam

14 മണിക്കൂര്‍ വൈകി: ദോഹ-കണ്ണൂര്‍ വിമാനത്തില്‍ യാത്രക്കാര്‍ പുറത്തിറങ്ങാതെ പ്രതിഷേധിച്ചു

യാത്രാക്കാരില്‍ ചിലര്‍ക്ക് ഫുഡ് കൂപ്പുണുകള്‍ കമ്പനി വിതരണം. ചെയ്തു എന്തു കൊണ്ടു വിമാനം വൈകുന്നു എന്ന ചോദ്യത്തിന് പൈലറ്റില്ല എന്നാണ് കാരണമായി അധികൃതര്‍ പറഞ്ഞത്

indigo passengers protesting in flight
Author
Kannur International Airport, First Published Apr 20, 2019, 6:29 PM IST

കണ്ണൂര്‍: ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം 14 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. ദോഹയില്‍ നിന്നും ഇന്നലെ രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ1716  വിമാനമാണ് പതിനാല് മണിക്കൂറോളം വൈകിയത്. 

ഇന്നലെ വൈകിട്ട് ദോഹ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനം ടേക്ക് ഓഫിന് മുന്‍പാണ് വൈകുമെന്ന വിവരം യാത്രക്കാര്‍ അറിയുന്നത്. പുലര്‍ച്ചെ നാല് മണിക്ക് വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം നല്‍കിയ വിവരം. എന്നാല്‍ രാത്രി 12 മണിയോടെ അടുത്ത അറിയിപ്പ് വന്നത് രാവിലെ പത്ത് മണിയോടെ വിമാനം പുറപ്പെടും എന്നായിരുന്നു. 

തലേദിവസം വൈകിട്ട് ഏഴ് മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ഇതോടെ ഭക്ഷണം പോലും കിട്ടാതെ വലഞ്ഞു. പരാതിയുമായി ഇവര്‍ എയര്‍പോര്‍ട്ട് മാനേജറെ സമീപിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിന് വിമാനക്കമ്പനി നീക്കം ആരംഭിച്ചത്. യാത്രാക്കാരില്‍ ചിലര്‍ക്ക് ഫുഡ് കൂപ്പുണുകള്‍ കമ്പനി വിതരണം. ചെയ്തു എന്തു കൊണ്ടു വിമാനം വൈകുന്നു എന്ന ചോദ്യത്തിന് പൈലറ്റില്ല എന്നാണ് കാരണമായി അധികൃതര്‍ പറഞ്ഞത്

യാത്രക്കാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ പതിനാല് മണിക്കൂര്‍ വൈകി ദോഹ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. വിമാനക്കമ്പനി ജീവനക്കാര്‍ പലവട്ടം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് പൊലീസും ഇന്‍ഡിഗോ മാനേജറും കൂടി നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. 150-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 
 

Follow Us:
Download App:
  • android
  • ios