ദില്ലി: സുപ്രീം കോടതിയിൽ ഇന്ന് നടന്ന പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസിന്‍റെ വാദം അഡ്വക്കേറ്റ് ഇന്ദിരാ ജയ്‍സിംഗും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും തമ്മിലുള്ള വാഗ്വാദത്തിന് കൂടിയാണ് വേദിയായത്. ആർക്ക് വേണ്ടിയാണ് വാദിക്കുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര മുതിർന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവറിനോട് ചോദിച്ചപ്പോൾ 'മിസ് ജയ്‍സിംഗിനുവേണ്ടി' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

"ഇന്ദിരാ ജയ്‍സിംഗ് അല്ലേ?" അരുൺ മിശ്ര ആവ‍ർത്തിച്ച് ചോദിച്ചു.

"അതേ ഇന്ദിരാ ജയ്‍സിംഗ് തന്നെ" ഗ്രോവറിന്‍റെ ഉറപ്പിച്ചുതന്നെ മറുപടി പറഞ്ഞു.

"അത് നിങ്ങളുടെ ഭാര്യയാണെന്ന് പറയണം" കോടതി മുറിയിലിരുന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഓർമിപ്പിച്ചു.

ഈ പ്രസ്താവനയാണ് കോടതി മുറിയിൽത്തന്നെ ഇരിപ്പുണ്ടായിരുന്ന മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‍സിംഗിനെ അലോസരപ്പെടുത്തിയത്. അറ്റോർണി ജനറൽ തന്‍റെ പ്രസ്താവന പിൻവലിക്കണമെന്ന് ഇന്ദിര ആവശ്യപ്പെട്ടു. 

"ആ പ്രസ്താവന പിൻവലിക്കൂ മിസ്റ്റർ അറ്റോർണി, ഞാൻ എന്‍റേതായ സ്വാതന്ത്ര്യങ്ങളുള്ള വ്യക്തിയാണ്. നമ്മൾ ഓരോരുത്തരും അഭിഭാഷകരാണ്. ആരുടേയും ഭാര്യയും ഭർത്താവുമായല്ല അറിയപ്പെടേണ്ടത്. അത് കൊണ്ട് ഞാൻ ഇന്ദിര ജയ്‍സിംഗ് തന്നെയാണ്" ഇന്ദിരാ ജയ്സിംഗ് പറഞ്ഞു

കെ കെ വേണുഗോപാലിന്‍റേത് സെക്സിസ്റ്റ് പ്രസ്താവനയായിരുന്നെന്ന് ഇന്ദിരാ ജയ്‍സിംഗിന്‍റെ ഭർത്താവ് കൂടിയായ ആനന്ദ് ഗ്രോവറും കൂട്ടിച്ചേർത്തു. ശബ്ദം ഉയർത്തിയതിന് അറ്റോർണി ജനറലിനോട് മാപ്പ് പറഞ്ഞ ഇന്ദിരാ ജയ്‍സിംഗ് താൻ ആരുടേയും ഭാര്യയായല്ല വ്യക്തി എന്ന നിലയിലാണ് നിലനിൽക്കുന്നതെന്ന് ആവർത്തിച്ചു.