Asianet News MalayalamAsianet News Malayalam

Infant death: ശിശുമരണം; ആദിവാസി അമ്മമാർക്കുള്ള പോഷകാഹാരപദ്ധതി അട്ടിമറിക്കപ്പെട്ടു, മന്ത്രി ഇന്ന് അട്ടപ്പാടിയിൽ

എട്ടു കൊല്ലം മുമ്പ് ശിശുമരണം തുടർക്കഥയായപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് ജനനി ജന്മ രക്ഷ. പോഷകാഹാരത്തിനായി മൂന്നാം മാസം മുതൽ പതിനെട്ട് മാസം വരെ രണ്ടായിരം രൂപ ഗർഭിണികൾക്കും അമ്മമാർക്കും വിതരണം ചെയ്യും.

Infant death: Nutrition scheme for tribal mothers stopped for months, Minister visit Attappady today
Author
Palakkad, First Published Nov 27, 2021, 8:18 AM IST

പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണം (Infant Death) ആവർത്തിക്കുമ്പോൾ ആദിവാസി അമ്മമാർക്കുള്ള (Tribal Mother) പോഷകാഹാര പദ്ധതിയായ ജനനി ജന്മ രക്ഷാ അട്ടിമറിക്കപ്പെട്ടു. ഇന്നലെ നവജാത ശിശു മരിച്ച വീട്ടിയൂർ ഊരിൽ പോഷകാഹാര വിതരണത്തിനുള്ള പണം മാസങ്ങളായി മുടങ്ങിയെന്ന് ആദിവാസി അമ്മമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. മരണം പോഷകാഹാര കുറവ് മൂലമെന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രി (Tribal Hospital) സൂപ്രണ്ട് പറഞ്ഞു.

എട്ടു കൊല്ലം മുമ്പ് ശിശുമരണം തുടർക്കഥയായപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് ജനനി ജന്മ രക്ഷ. പോഷകാഹാരത്തിനായി മൂന്നാം മാസം മുതൽ പതിനെട്ട് മാസം വരെ രണ്ടായിരം രൂപ ഗർഭിണികൾക്കും അമ്മമാർക്കും വിതരണം ചെയ്യും. മാസങ്ങളായി ഈ തുക കിട്ടുന്നില്ലെന്ന് പറയുകയാണ് ഇന്നലെ നവജാത ശിശു മരിച്ച വീട്ടിയൂർ ഊരിലെ ആദിവാസി അമ്മയായ മഞ്ജു. ഇത് മഞ്ജുവിൻ്റെ മാത്രം അനുഭവമല്ല.

അട്ടപ്പാടിയിൽ ജനനി ജന്മരക്ഷ പദ്ധതി പ്രകാരം 560 നടുത്ത് ഗുണഭോക്താക്കളാണ് ഈ വർഷം ഉള്ളത്. ഒരു കോടി രൂപ നവംബർ 22 ന് പാസായിട്ടുണ്ട്, മറ്റു നടപടി ക്രമങ്ങൾ കഴിഞ്ഞാലുടൻ ഗുണഭോക്താക്കളിലേക്ക് പണം എത്തിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ വിശദീകരിക്കുന്നു. എന്നാൽ ഇപ്പോൾ പാസായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീർക്കാനേ തികയൂ എന്നതാണ് യാഥാർഥ്യം. ജനനി ജന്മ രക്ഷ പുനഃസ്ഥാപിക്കുന്നതിനൊപ്പം, ആദിവാസി അമ്മമാരുടെ രക്തക്കുറവ് ഉൾപ്പടെയുള്ള പ്രശ്നം പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതിയും വേണം. 

അതേസമയം അട്ടപ്പാടിയിലെ ശിശു മരണങ്ങൾ കൂടിയ സാഹചര്യം വിലയിരുത്താൻ മന്തി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. 
രാവിലെ പത്തിന് അഗളിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ് ആദ്യം. പിന്നീട് ശിശുമരണങ്ങൾ നടന്ന ഊരുകളിൽ മന്ത്രി എത്തും. ഇന്നലെ മാത്രം അട്ടപ്പാടിയിൽ മൂന്ന് കുട്ടികളാണ് മരിച്ചത്. നാലു ദിവത്തിനുള്ളിൽ അട്ടപ്പാടിയിൽ അഞ്ച് കുട്ടികൾ മരിച്ചു. 

Follow Us:
Download App:
  • android
  • ios