കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ജന്മനാതന്നെ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കുഞ്ഞിന് ഉണ്ടായിരുന്നു.
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഊരിലെ റാണി - നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ വൈകി. വെൻ്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസ് എത്താൻ വൈകിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാതെ വന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം.
അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് പാലക്കാട്, മലപ്പുറം ജില്ലകൾക്കായി ഒരെണ്ണം മാത്രമേ നിലവിലുള്ളൂ എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മറ്റൊരു രോഗിയുമായി മലപ്പുറം പോയതിനാൽ ആണ് വൈകിയതെന്നും അധികൃതർ വിശദീകരിക്കുന്നു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ജന്മനാതന്നെ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കുഞ്ഞിന് ഉണ്ടായിരുന്നു. ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ഉള്ള വെൻറിലേറ്റർ സൗകര്യമില്ലാത്തതിനാലാണ് തൃശ്ശൂരിലേക്ക് മാറ്റാൻ തീരുമാനമെടുത്തത് എന്നാൽ ആമ്പുലൻസ് എത്താൻ വൈകിയതോടെ മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എത്തിച്ച വെൻറിലേറ്റർ ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ ആണ് കുഞ്ഞ് മരിച്ചത്.
